എറണാകുളം: മൂവാറ്റുപുഴയിൽ അസം സ്വദേശികളായ രണ്ട് തൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസ്റ്റിൽ. (Accused arrested in Ernakulam Moovattupuzha case of murder of two Assamese laborers.) ഒഡിഷ സ്വദേശിയായ ഗോപാൽ മാലിക്കിനെ കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘം ഒഡിഷയിൽ എത്തിയാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടത്തിയത് ഗോപാൽ മാലിക്ക് തന്നെയെന്ന് വ്യക്തമായതായും പ്രതിയെ ഉടൻ മൂവാറ്റുപുഴയിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച (നവംബർ 5 ) ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അസം സ്വദേശികളായ മോഹൻതോ, ദീപങ്കർ ബസുമ എന്നിവരുടെ മൃതദേഹങ്ങൾ കഴുത്തറുത്തെ നിലയിൽ മൂവാറ്റുപുഴ അടൂപ്പറമ്പ് കമ്പനിപടിയിലെ താമസ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. മാറാടി സ്വദേശിയുടെ തടിമില്ലിലെ തൊഴിലാളികളായിരുന്നു ഇരുവരും. മരിച്ചവരിൽ ഒരു തൊഴിലാളിയുടെ ഭാര്യ ഞായറാഴ്ച രാവിലെ മുതല്‍ ഇയാളുമായി ഫോണില്‍ ഒരുപാട് തവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെ മില്ലുടമയുടെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു.
തുടര്‍ന്ന് മില്ലുടമയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷിക്കാനായി തൊഴിലാളികളുടെ താമസ സ്ഥലത്തെത്തിയവരാണ് ഇരുവരുടെയും മൃതദേഹങ്ങൾ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് സ്ഥലത്തെത്തി സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നത്.
കൊലപാതകത്തിനാണ് സാധ്യതയെന്ന് മനസിലാക്കി പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടവർക്കൊപ്പം താമസിച്ചിരുന്ന ഗോപാൽ മാലിക്കിനെ കാണാതായതായി വിവരം ലഭിച്ചു. ഗോപാൽ മാലിക് നാട്ടിലേക്ക് മടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നാണ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് പൊലീസിന് ലഭിച്ച വിവരം. ഇതിനെ തുടർന്ന് ഗോപാൽ മാലിക്കിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായി തുടരുകയായിരുന്നു. ഇയാളെ തിരഞ്ഞ് ഒഡിഷയിൽ എത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.