എറണാകുളം: മുഖ്യമന്ത്രിയുടെ മകൾ വീണ മാസപ്പടി (Monthly Quota Controversy) വാങ്ങിയ സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരായ പുനപരിശോധന ഹർജി ഹൈക്കോടതി ബുധനാഴ്‌ചത്തേക്ക് മാറ്റി (High Court adjourned the review petition to Wednesday). കരിമണൽ കമ്പനിയിൽനിന്നും പണം വാങ്ങിയെന്ന ആരോപണത്തിൽ എതിർ കക്ഷികൾക്ക് എന്ത് അനർഹമായ നേട്ടമാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും കോടതി ചോദ്യമുന്നയിച്ചു.
എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന നൽകാറില്ലേ എന്നും കോടതി ചോദിച്ചു. എന്നാൽ തന്നെ കേൾക്കാതെയാണ് വിജിലൻസ് കോടതി (Vigilance Court) ഉത്തരവെന്നും ഹർജിക്കാരൻ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ആരോപണം സാധൂകരിക്കുന്നതിനുള്ള തെളിവുകൾ ഉണ്ടോ എന്ന് ചോദിച്ച കോടതി രേഖകൾ ഹാജരാക്കാനും ഹർജിക്കാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, വി.കെ ഇബ്രാഹിംകുഞ്ഞ്, സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത തുടങ്ങി 10 പേർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതി നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയിരുന്നു. ഈ കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ കേസെടുത്ത് അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്‌ടർക്കും ഹർജിക്കാരൻ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി പദവിയുടെ സ്വാധീനത്താലാണോ മകൾ മാസപ്പടി വാങ്ങിയത് എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കണം.
രണ്ട് വ്യക്തികളോ ഒരു കമ്പനിയുമായുളള സാമ്പത്തിക ഇടപാട് മാത്രമായി ഇതിനെ കാണാൻ കഴിയില്ലെന്നും മുഖ്യമന്ത്രിയുടെ മകളായത് കൊണ്ട് മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടെന്ന് സംശയിക്കുന്നു. അതുകൊണ്ട് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു പരാതി. കേസിൽ ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുളള മറ്റു നേതാക്കൾക്കെതിരെയും അന്വേഷണം വേണമെന്നും പരാതിയിൽ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയ്‌ക്ക് സ്വകാര്യ കമ്പനിയിൽ നിന്ന് നിയമ വിരുദ്ധമായി മാസപ്പടി ലഭിച്ചെന്നായിരുന്നു ഉയർന്നുവന്ന ആരോപണം. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (Cochin Minerals and Rutile Limited-CMRL) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് വീണയ്ക്ക് നിയമവിരുദ്ധമായി മാസപ്പടി ഇനത്തിൽ 2017 മുതൽ 2020 വരെയുള്ള കാലയളവിൽ 1.72 കോടി രൂപ ലഭിച്ചെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസ് ഐ ടി, മാർക്കറ്റിങ് കൺസൾട്ടൻസി, സോഫ്റ്റ്‌വെയർ സേവനങ്ങൾ സിഎംആർഎല്ലിന് നൽകാമെന്ന കരാറിലാണ് മാസം തോറും പണം വാങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ.