എറണാകുളം: മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, ഇബ്രാഹിം കുഞ്ഞ്, സിഎംആർഎൽ കമ്പനി ഡയറക്‌ടർ ഉൾപ്പടെയുള്ളവർക്കെതിരെയാണ് അന്വേഷണമാവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകിയതെന്ന്
കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഇടിവി ഭാരതിനോട് അറിയിച്ചു.
പരാതിയെക്കുറിച്ച് വിശദീകരിച്ച്: ഗിരീഷ് ബാബു വിജിലൻസ് ഡയറക്‌ടർക്കാണ് പരാതി നൽകിയത്. സിഎംആർഎൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയതിനെതിരായ തന്‍റെ പരാതിയിൽ വിജിലൻസ് തുടര്‍ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേതാക്കൾ കൈക്കൂലിയായാണ് പണം വാങ്ങിയതെന്നും സംഭാവനയായല്ലെന്നുമാണ് ഞാന്‍ മനസിലാക്കുന്നത്. വിവാദ കമ്പനിയെ വഴിവിട്ട് സഹായിക്കുന്നതിനായാണ് ഇവർ പണം വാങ്ങിയതെന്നും ഗിരീഷ് ബാബു ആരോപിച്ചു.
ആരോപണം കടുപ്പിച്ച്: സിഎംആർഎല്ലും ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട നികുതി തർക്കത്തിൽ ആദായ നികുതി വകുപ്പിന്‍റെ സെറ്റിൽമെന്‍റ് ബോർഡിറക്കിയ ഉത്തരവ് സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയിൽ നിന്നുളള അനധികൃത സഹായം ലഭിക്കുന്നതിന് വേണ്ടിയാണ് വീണ വിജയന് കമ്പനി പണം നൽകിയതെന്നും ഗിരീഷ് ബാബു ആരോപിക്കുന്നു. കെഎസ്ഐഡിസിയിൽ നിന്നുള്ള ഷെയർ സിഎംആർഎൽ കമ്പനിയിൽ നിക്ഷേപിച്ചിട്ടുണ്ട്. സർക്കാർ ഖജനാവിന് കൂടി നഷ്‌ടമുണ്ടാക്കിയ കേസാണിതെന്നും വിജിലൻസിന് അന്വേഷണം നടത്താമെന്നും പരാതിക്കാരനായ ഗിരീഷ് ബാബു വിശദീകരിച്ചു.
ആവശ്യങ്ങള്‍ ഇങ്ങനെ: പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾ എന്തിന് വേണ്ടി പണം വാങ്ങിയെന്ന് വ്യക്തമാകണം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെങ്കിൽ ഇലക്ഷൻ കമ്മിഷന് നല്‍കി രേഖകളിൽ ഇത് വ്യക്തമാക്കേണ്ടതാണ്. സർക്കാർ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയില്ലങ്കിൽ അവർക്ക് എന്തോ മറക്കാനുണ്ടെന്നാണ് മനസിലാകേണ്ടതെന്നും പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസിന് അനുമതി ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു. പരാതിക്കാരനായ തന്നെ വിജിലൻസ് മൊഴിയെടുക്കാൻ വിളിച്ചാൽ കൂടുതൽ തെളിവുകൾ നൽകുമെന്നും ഗിരീഷ് ബാബു വ്യക്തമാക്കി. പരാതിയുടെ പകർപ്പ് മുഖ്യമന്ത്രി, ഗവർണർ, സിബിഐ ഡയറക്‌ടർ, പൊലീസ് മേധാവി എന്നിവർക്കും നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോപണം തള്ളി സിപിഎം: എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെതിരായ മാസപ്പടി ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ വിവാദങ്ങൾക്ക് യാഥാര്‍ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നറിയിച്ച് സിപിഎം രംഗത്തെത്തിയിരുന്നു. നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ തമ്മില്‍ നിയമപരമായിത്തന്നെ സേവന ലഭ്യതയ്‌ക്കുള്ള കരാറിലേര്‍പ്പെട്ടതെന്നായിരുന്നു സിപിഎം വിശദീകരണം. കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പണം നല്‍കിയതെന്നും ആ പണമാവട്ടെ വാര്‍ഷിക അടിസ്ഥാനത്തിലുമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു.
ഇതിന് വിശ്വാസ്യത ലഭിക്കുന്നതിനാണ് മാസപ്പടിയാക്കി ചിത്രീകരിച്ചതെന്നും നിന്ദ്യമായ ഈ നടപടി കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ വിഷം കഴിച്ച് മരിക്കുമെന്ന് പ്രഖ്യാപിച്ച പത്രാധിപരുടെ മാധ്യമത്തിൽ വന്നതില്‍ അദ്‌ഭുതപ്പെടേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ കുറ്റപ്പെടുത്തിയിരുന്നു. രണ്ട് കമ്പനികള്‍ തമ്മിലുണ്ടാക്കിയ കരാര്‍ സുതാര്യമായ ഒന്നാണെന്നും അതിന്‍റെ അടിസ്ഥാനത്തിലുള്ള പണമിടപാടുകളെല്ലാം ബാങ്ക് മുഖേനയാണ് നടന്നിട്ടുള്ളതെന്നും സിപിഎം അറിയിച്ചിരുന്നു.