എറണാകുളം: ആലുവയിൽ നിയമ വിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്‌ത കേസിൽ ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒന്നാം പ്രതിയും മൊഫിയയുടെ ഭർത്താവുമായ മുഹമ്മദ് സുഹൈലിൻ്റെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. കേസ് ഡയറി പരിശോധിച്ചതിൽ നിന്നും പ്രതിയുടെ പ്രവൃത്തി ക്രൂരമാണന്ന് കോടതി വിലയിരുത്തി.
സ്ത്രീധനത്തിൻ്റെ പേരിലുള്ള തുടർച്ചയായ ശാരീരിക, മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കേസിൽ കക്ഷി ചേർന്ന മൊഫിയയുടെ പിതാവ് കോടതിയെ അറിയിച്ചിരുന്നു. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം, ഒന്നാം പ്രതിയുടെ മാതാപിതാക്കളും കൂട്ടുപ്രതികളുമായ യൂസഫ്, റുക്കിയ എന്നിവർക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. അന്വേഷണത്തിൽ ഇടപെടരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ വിചാരണ കോടതിയും തുടർന്ന് സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സി.ഐ സുധീർ ആരോപണ വിധേയനായ മൊഫിയയുടെ ആത്മഹത്യ ഏറെ വിവാദമായിരുന്നു. സി.ഐക്കെതിരെ സർക്കാർ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു.
Also Read: ഒമിക്രോൺ ഭീതി; നിയന്ത്രണവുമായി സംസ്ഥാന സര്‍ക്കാര്‍