എറണാകുളം: ആലുവയിൽ നിയമ വിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന്‍റെ പങ്ക് വ്യക്തമാക്കുന്ന എഫ്.ഐ.ആറിലെ വിവരങ്ങൾ പുറത്ത്. ആലുവ പൊലീസ് സ്റ്റേഷൻ മുൻ എസ്.എച്ച്.ഒ സുധീറിനെതിരെയാണ് എഫ്.ഐ.ആറിൽ പരാമർശമുള്ളത്.
മൊഫിയ പർവീൺ ഭർത്താവ് സുഹൈലിനും കുടുംബത്തിനുമെതിരെ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഇരുവരെയും വിളിപ്പിച്ചത്. സ്റ്റേഷൻ ചുമതലയിലുണ്ടായിരുന്ന സി.ഐ സുധീറിന്‍റെ സാന്നിധ്യത്തിൽ വിഷയം സംസാരിക്കവെയാണ് മൊഫിയ ദേഷ്യം വന്ന് ഭർത്താവിനെ അടിച്ചത്.
ALSO READ: Street tourism: അനുഭവിച്ചറിയാം ടൂറിസം; 'സ്ട്രീറ്റ്' പദ്ധതിയിൽ മറവൻതുരുത്തും മാഞ്ചിറയും
ഇതേതുടർന്ന് എസ്.എച്ച്.ഒ കയർത്തു സംസാരിച്ചു. ഇത് മൊഫിയയ്ക്ക് മനോവിഷമമുണ്ടാക്കി. എസ്.എച്ച്.ഒയിൽ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമത്താൽ മരിക്കാൻ തീരുമാനിച്ചതായും തുടർന്ന് സ്വന്തം കിടപ്പ് മുറിയിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ മൊഫിയ കണ്ടെത്തുകയായിരുന്നുവെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
മൊഫിയയുടെ ആത്മഹത്യ കുറിപ്പിലും സി.ഐക്കെതിരെ പരാമർശമുണ്ടായിരുന്നു. ഇതോടെ സസ്പെൻഷനിലായ സി.ഐക്കെതിരെ കൂടുതൽ കുരുക്ക് മുറുകുമെന്ന കാര്യത്തിൽ സംശയമില്ല. മനപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തണമെന്ന കുടുംബത്തിന്‍റെയും പ്രതിപക്ഷത്തിന്‍റെയും ആവശ്യത്തിന് ശക്തി പകരുന്നത് കൂടിയാണ് എഫ്.ഐ.ആറിലെ വിവരങ്ങൾ.