എറണാകുളം: മികച്ച വിദ്യാർഥി കർഷകനുള്ള സംസ്ഥാന സർക്കാര്‍ അവാർഡ് ലഭിച്ച ജോസ് പോളിനെ അഭിനന്ദിക്കാന്‍ ജനപ്രതിനിധികളും കൃഷി ഉദ്യോഗസ്ഥരുമെത്തി. കോതമംഗലം എംഎൽഎ ആന്‍റണി ജോൺ ഉൾപ്പെടെയുള്ള സംഘം അവാർഡ് ജേതാവിനെ ഷാൾ അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. കോതമംഗലം നെല്ലിക്കുഴിയിലെ ജോസ് പോളിന്‍റെ ഒരേക്കര്‍ കൃഷിയിടത്തിലെത്തിയായിരുന്നു അഭിനന്ദിച്ചത്.
പഠനത്തിലും ജൈവ പച്ചക്കറി കൃഷിയിലും ഒരേ പോലെ മനസുറപ്പിച്ച് മുന്നേറിയതിനാലാണ് നെല്ലിക്കുഴി പഞ്ചായത്തിലെ നങ്ങേലിപ്പടിക്ക് സമീപം താമസിക്കുന്ന പാലക്കുഴി ജോസ് പോൾ ബിജു മികച്ച വിദ്യാർഥി കർഷകനുള്ള സംസ്ഥാന അവാര്‍ഡില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. കോതമംഗലം സെന്‍റ് ജോർജ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയാണ് ജോസ് പോൾ. പച്ചക്കറികൾ കൂടാതെ താറാവ്, കോഴി, മീൻ എന്നിവയും ജോസ് പോളിന്റെ കൃഷിയിടത്തിൽ ഇടംപിടിച്ചിട്ടുണ്ട്. തുടക്കത്തില്‍ വീട്ടാവശ്യങ്ങൾക്കായി നടത്തിയ കൃഷി പിന്നീട് വിപുലമാക്കുകയായിരുന്നു. ജൈവരീതിയില്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികൾ വാങ്ങാൻ നിരവധി ആളുകളാണ് ജോസ് പോളിനെ സമീപിക്കുന്നത്.
എല്ലാദിവസവും രാവിലെയും വൈകിട്ടും കുറച്ചുനേരം കൃഷിക്ക് വേണ്ടി മാറ്റിവെക്കുന്ന ജോസ് പോളിന് എല്ലാവിധ പിന്തുണയുമായി മാതാപിതാക്കളും ബന്ധുക്കളുടെയും ഒപ്പമുണ്ട്.