എറണാകുളം: കളിക്കുന്നതിനിടെ പന്തെടുക്കാന്‍ പെരിയാറിലിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇവര്‍ മുങ്ങിത്താഴ്ന്ന സ്ഥലത്ത് നിന്നും തന്നെയാണ് പെരുമ്പാവൂര്‍ ഫയര്‍ഫോഴ്‌സിന്‍റെ സ്‌ക്യൂബ ടീം മൃതദേഹങ്ങൾ മുങ്ങിയെടുത്തത്. കോടനാട് നെടുംതോട് സ്വദേശി വൈശാഖ് (20), കോതമംഗലം കുത്തുകുഴി സ്വദേശി ബേസില്‍ (20) എന്നിവരാണ് ആലാട്ടുചിറ നെടുമ്പാറ ചിറ സമീപം പെരിയാര്‍ പുഴയില്‍ ചൊവ്വാഴ്ച്ച മുങ്ങിത്താഴ്ന്നത്.
കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ പുഴയില്‍ പോയ പന്തെടുക്കാന്‍ പോയ വൈശാഖ് ഒഴുക്കില്‍പ്പെടുന്നത് കണ്ട് ബേസില്‍ രക്ഷിക്കാനിറങ്ങിയതായിരുന്നു. വെളളം കൂടുതലുളള ഭാഗത്തെ അടിയൊഴുക്കില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഇരുവരും മുങ്ങിത്താഴ്ന്നത്. മറ്റു കൂട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സ് അധികൃതരും പെരിയാറില്‍ തെരച്ചില്‍ നടത്തിയതിനെത്തുടര്‍ന്ന് ഇന്നലെ രാത്രി ഏഴ് മണിയോടെ ബേസിലിന്‍റെ മൃതദേഹം ലഭിച്ചിരുന്നു.
രാത്രി വൈകിയുളള തെരച്ചില്‍ പിന്നീട് അവസാനിപ്പിച്ചെങ്കിലും ഇന്ന് രാവിലെ ആരംഭിച്ച തെരച്ചിലിനൊടുവില്‍ രാവിലെ 10.40 ഓടെ വൈശാഖിന്‍റെ മൃതദേഹം കൂടി ലഭിക്കുകയായിരുന്നു. ഒഴുക്ക് കൂടുതലുളള ഭാഗത്താണ് ഇവരെ കാണാതായത്. കോട്ടപ്പടി മാര്‍ ഏലിയാസ് കോളജിലെ ഡിഗ്രി വിദ്യാര്‍ഥികളാണ് ഇരുവരും.