എറണാകുളം : ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ 14 വയസുകാരിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി. ഇരയെ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. കുട്ടി 28 ആഴ്ച ഗര്‍ഭിണിയാണ്. ഗര്‍ഭധാരണം തുടരുന്നത് 14 കാരിയുടെ മാനസികാരോഗ്യത്തിന് വെല്ലുവിളിയാകുമെന്ന് കോടതി വിലയിരുത്തി.
കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ബോര്‍ഡാണ് കുട്ടിയെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഓഗസ്റ്റ് 12നായിരുന്നു കോടതി ഉത്തരവ്. ബോര്‍ഡിന്‍റെ ശുപാര്‍ശ അംഗീകരിച്ച കോടതി കൗമാരക്കാരിയുടെ അമ്മയോട് വൈദ്യശാസ്ത്രത്തിന്‍റെ സഹായത്തോടെ ഗര്‍ഭഛിദ്രം നടത്തുന്നതിന് മെഡിക്കല്‍ ബോര്‍ഡിനെ സമീപിക്കാമെന്ന് അറിയിച്ചു. നിലവിലെ മെഡിക്കല്‍ സംഘം തന്നെയാകും ചികിത്സ നടത്തുക.
Also Read: യുട്യൂബ് നോക്കി ഗര്‍ഭഛിദ്രം നടത്തി; 17കാരി ആശുപത്രിയില്‍
അതേസമയം കുഞ്ഞ് ജീവിച്ചിരുന്നെങ്കില്‍ നല്‍കുമായിരുന്ന അതേ രീതിയില്‍ തന്നെ 14 കാരിയെ പരിചരിക്കുകയും ചികിത്സിക്കുകയും വേണമെന്ന് കോടതി അറിയിച്ചു. ഭരണകൂടവും ഇതര ഏജൻസികളും കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ തരത്തിലും ഉള്ള ഉത്തരവാദിത്വങ്ങളും നിറവേറ്റണമെന്നും കോടതി ഉത്തരവിട്ടു.