എറണാകുളം: ഒളിമ്പിക്‌സ് ഹോക്കിയിൽ മെഡൽ കരസ്ഥമാക്കി കേരളത്തിന്‍റെ അഭിമാനമായ ഒളിമ്പ്യൻ പി.ആർ.ശ്രീജേഷിന് ഓണസമ്മാനവുമായി മന്ത്രി പി.രാജീവ്. വീട്ടിലെത്തിയാണ് മന്ത്രി ഓണസമ്മാനം ശ്രീജേഷിന് കൈമാറിയത്. തന്‍റെ കൈയ്യൊപ്പോടു കൂടിയ ഹോക്കി സ്റ്റിക്ക് ശ്രീജേഷ് മന്ത്രിക്കും നൽകി. മുഖ്യമന്ത്രിയുടെയും സർക്കാരിന്‍റെയും ഓണാശംസകൾ മന്ത്രി ശ്രീജേഷിനെ അറിയിച്ചു.
തനിക്ക് ലഭിച്ച ഏറ്റവും വലിയ ഓണസമ്മാനമാണിതെന്ന് ശ്രീജേഷ് പ്രതികരിച്ചു. വലിയ അഭിമാനമാണ് മന്ത്രി വീട്ടിലെത്തിയപ്പോഴും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് തന്നെ വിളിച്ചപ്പോഴും തോന്നിയതെന്നും ശ്രീജേഷ് പറഞ്ഞു. കൂടെയുണ്ടായിരുന്ന പി.വി. ശ്രീനിജിൻ എംഎൽഎയ്ക്കും ശ്രീജേഷ് ഹോക്കി സ്റ്റിക്ക് സമ്മാനമായി നൽകി. ഹാൻഡി ക്രാഫ്റ്റ്സ് ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ കോടി മുണ്ടും കഥകളി രൂപവുമാണ് മന്ത്രി സമ്മാനമായി ശ്രീജേഷിന് നൽകിയത്.
സ്പോർട്‌സിൽ മികവ് പുലർത്തുന്നവർക്ക് സർക്കാർ സർവീസിൽ ജോലി നൽകുമ്പോൾ അവരെ കായിക മേഖലയുടെ ഉന്നമനത്തിനായി വിനിയോഗിക്കണമെന്നും ശ്രീജേഷ് സന്ദർശന വേളയിൽ മാധ്യമങ്ങളോട് പറഞ്ഞു. സ്പോർട്ട്സ് ട്രെയിനിങ് സ്‌കൂളുകൾ പോലുള്ള സ്ഥാപനങ്ങളിൽ ഇവരുടെ സേവനം പ്രയോജനപ്പെടുത്തണം. ഇക്കാര്യം കായിക വകുപ്പ് മന്ത്രിയുടെയും സർക്കാരിന്‍റെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രിയും പറഞ്ഞു. മഹാരാജാസ് കോളജ് ഗ്രൗണ്ടിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Also read: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും