എറണാകുളം: ബഫർ സോൺ വിഷയത്തിൽ സർക്കാർ നിലപാടിൽ ആശയക്കുഴപ്പം വേണ്ടതില്ലന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. മുഖ്യമന്ത്രി എല്ലാം വിശദീകരിച്ചതാണ്. സർക്കാരിന്‍റെ അഭിപ്രായവും ഇടതുമുന്നണിയുടെ നിലപാടും വ്യക്തമാക്കിയതാണെന്നും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ലന്നും മന്ത്രി കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഒരു കിലോമീറ്റർ എന്ന ദൂരപരിധി നിശ്ചയിച്ചത് സുപ്രീം കോടതിയാണ്. എന്നാൽ, ഈ ചുറ്റളവിലെ സാഹചര്യം ബോധ്യപ്പെടുത്താനാണ് കെസ്റാക്കിന്‍റെ റിപ്പോർട്ട് അവതരിപ്പിച്ചത്. ജനുവരി പതിനൊന്നിന് സുപ്രീം കോടതി പരിഗണിക്കുന്നത് കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട കേസാണ്. കേരളത്തിന്‍റെ അഭിപ്രായം വ്യക്തമായി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി
ജനവാസ മേഖലകളെ ഒഴിവാക്കും എന്ന് മുഖ്യമന്ത്രി അർഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയതതാണ്. ഉപഗ്രഹ സർവേ കോടതി ആവശ്യപ്പെട്ടാൽ നൽകാൻ കഴിയില്ല എന്ന് നിലപാടെടുക്കാൻ കഴിയില്ല. സർക്കാർ നിലപാട് വ്യക്തമായി കോടതിയെ അറിയിക്കും. കോടതിയിൽ കക്ഷി ചേരാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സ്വാഭാവികമായും ഉപഗ്രഹ സർവേയിൽ എല്ലാ കാര്യങ്ങളും വ്യക്തമാകില്ല. ഇതിൽ വ്യക്തത വരുത്താൻ ഫീൽഡ് സർവേ ഏറ്റവും വേഗതയിൽ നടക്കും. സർവേ എങ്ങനെ വേണം എന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് ട്രെയിനിങ് നൽകുമെന്നും ഡിസംബര്‍ 26 മുതൽ സർവേ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
115 വില്ലേജുകളുടെയും 87 പഞ്ചായത്തുകളുടെയും ഹെൽപ്പ് ഡെസ്‌കും ഫിസിക്കൽ വെരിഫിക്കേഷനും അതിവേഗതയിൽ പൂർത്തിയാക്കാൻ ബന്ധപെട്ടവരെ ചുമതലപ്പെടുത്തിയിയിട്ടുണ്ട്. നിലവിൽ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ബഫർ സോണിൽ ഉൾപ്പെടുത്താനാകില്ലെന്നതാണ് സർക്കാർ നിലപാട്. ഇതിനെതിരായ കോടതി വിധി ഉണ്ടായിൽ അപ്പോൾ നോക്കാമെന്നും മന്ത്രി പറഞ്ഞു.