എറണാകുളം: മാങ്കുളം ആദിവാസി കോളനിയിൽ പുലിയെ ആക്രമിച്ച ഗോപാലൻ അനിയൻ പിള്ളക്കെതിരെ നിയമ നടപടിയുണ്ടാവില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ഗോപാലനെതിരെ കേസ് എടുക്കില്ല. അപകടകാരിയായ പുലി ഗോപാലനെ ആക്രമിക്കുകയായിരുന്നു.
ആത്മരക്ഷാർഥം ആണ് ഗോപാലന് പുലിയെ ആക്രമിക്കേണ്ടി വന്നത്. അദ്ദേഹം രക്ഷപ്പെട്ടത് തന്നെ അത്ഭുതമാണ്. ആ നിലയിലാണ് ആ കേസിനെ സർക്കാർ കാണുന്നത്. ഈ സംഭവത്തിൽ ആദിവാസി യുവാവിനെതിരെ കേസ് എടുക്കാനില്ല.
ഗോപാലനെ ബുദ്ധിമുട്ടിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കൂടു വച്ച് പുലിയെ പിടിക്കാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. മൃഗസംരക്ഷണവും, പ്രകൃതി സംരക്ഷണവും മനുഷ്യന് വേണ്ടിയാണ്.
മനുഷ്യനെ മറന്നുള്ള സമീപനം സ്വീകരിക്കാൻ ജനാധിപത്യ സർക്കാറിന് കഴിയില്ല. സർക്കാറിന് വന്യമൃഗങ്ങളെ സംരക്ഷിക്കണം, അതോടൊപ്പം പൗരന്മാരെയും സംരക്ഷിക്കണം. ഇത് രണ്ടും ഏറ്റുമുട്ടാതെ കൊണ്ടുപോവുകയാണ് സർക്കാറിന്‍റെ ലക്ഷ്യം.
നിയമപരമായി തന്നെ അദ്ദേഹത്തിന്‍റെ ഭാഗത്ത് ന്യായമുണ്ട്. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനമെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
Also Read മാങ്കുളത്ത് ജനവാസ മേഖലയിലിറങ്ങിയ പുലിയെ നാട്ടുകാർ തല്ലിക്കൊന്നു