എറണാകുളം: മാണിയുടെയും ജേക്കബിന്‍റെയും സ്വപ്‌നമായിരുന്നു കേരള കോൺഗ്രസുകളുടെ ലയനം എന്ന് ജോണി നെല്ലൂർ. കേരള കോൺഗ്രസ് ജേക്കബ് - മാണി സംഘടനകളുടെ ലയനം വിശദീകരിക്കാൻ കോതമംഗലത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്‌ച വൈകിട്ട് നാലിന് എറണാകുളം രാജേന്ദ്ര മൈതാനിയിൽ ലയന സമ്മേളനം നടക്കും.
സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾ ചോദിച്ച് വാങ്ങാൻ ശക്തമായ പ്രദേശിക പാർട്ടിയില്ല എന്നതാണ് നിലവിലെ സ്ഥിതി. ചെറിയ ഗ്രൂപ്പുകൾക്ക് ഇനി പ്രസക്തിയില്ല. വരുന്ന നിയമസഭ തെരഞ്ഞെടുപ്പോടെ ചെറിയ ഗ്രൂപ്പുകൾ അപ്രസക്തമാകും. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ചെറു ഗ്രൂപ്പുകളെ പരസ്‌പരം തെറ്റിക്കാനാണ് ശ്രമിക്കുന്നത്. ഐക്യത്തിന് തയ്യാറാണെന്ന് പറയുന്നവർ ലയനത്തിന് എതിരാകുന്നത് എന്തിനാണെന്ന് അറിയില്ലെന്നും കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ചെയർമാൻ ജോണി നെല്ലൂർ പറഞ്ഞു.
കേരള കോൺഗ്രസുകളുടെ ലയന ചർച്ചക്ക് ശേഷം മലക്കം മറിഞ്ഞ അനൂപ് ജേക്കബിന്‍റെ പ്രവൃത്തി പക്വത കുറവിനെയാണ് സൂചിപ്പിക്കുന്നതെന്നും ജോണി നെല്ലൂർ പറഞ്ഞു. ഫെബ്രുവരി 21ന് ചേർന്ന സംസ്ഥാന കമ്മറ്റിയിലാണ് പി.ജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിൽ ലയിക്കാൻ തിരുമാനിച്ചത്. എട്ട് ജില്ലാ കമ്മിറ്റികളും പാർട്ടിക്കൊപ്പമാണ്. ഒരു എംഎൽഎയും ഒരു മന്ത്രിയും എന്ന പദവിയുമായി നടക്കുന്ന പാർട്ടിയുമായി സഹകരിക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാൻ തനിക്കെതിരെ കരുക്കൾ നീക്കിയിരുന്നതായും ജോണി നെല്ലൂർ ആരോപിച്ചു.