എറണാകുളം: അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ കേന്ദ്ര മന്ത്രി വി.കെ സിങിന്‍റെ നേതൃത്വത്തില്‍ മാസ് യോഗ പ്രദര്‍ശനം നടത്തി. പുലര്‍ച്ചെ ആരംഭിച്ച യോഗ പ്രദര്‍ശനത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. യോഗ ഗുരു ഡോ.ജയ്ദേവ് പ്രദര്‍ശനം നയിച്ചു.
ദേശീയ പാത വികസന അതോറിറ്റി സംഘടിപ്പിച്ച പ്രദര്‍ശനത്തിന് മുന്നോടിയായി ദിനാഘോഷം കേന്ദ്ര മന്ത്രി വി.കെ സിങ് ഉദ്ഘാടനം ചെയ്തു. യോഗ മനുഷ്യനെ ശാരീരികമായും മാനസികമായും സൗന്ദര്യമുള്ളവരാക്കുമെന്ന് വി.കെ സിങ് പറഞ്ഞു. ദിവസവും കുറഞ്ഞത് 15 മിനിറ്റെങ്കിലും യോഗ ചെയ്യുന്നവര്‍ക്ക് ജീവിതത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകും.
യോഗ രാജ്യത്തിന്‍റെ സംസ്കാരിക പാരമ്പര്യത്തിന്‍റെ ഭാഗമാണെന്നും നൂറ്റാണ്ടുകളായി ഈ സംസ്കാരം തുടര്‍ന്ന് പോകുന്നുണ്ടെന്നും വി.കെ സിങ് കൂട്ടിച്ചേര്‍ത്തു. യോഗയിലെ വിവിധ ആസനങ്ങള്‍ ശരീരത്തിന് താളം നല്‍കും. പ്രാണായാമം ശീലമാക്കുന്നതിലൂടെ ആന്തരിക അവയവങ്ങള്‍ക്ക് കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കുന്നതിനും ആന്തരിക പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും സാധിക്കുന്നു.
യോഗയ്ക്ക് ഒപ്പം ധ്യാനം ചെയ്യുന്നതും നല്ലതാണ്. ധ്യാനം ആന്തരിക ഊർജത്തെ കൂടുതൽ പ്രകാശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തിന്‍റെ 75 നഗരങ്ങളില്‍ യോഗ വിപുലമായി ആഘോഷിച്ചു. ദേശീപാത അതോറിട്ടി അഡീഷണൽ സെക്രട്ടറി അമിത് ഘോഷ്, ജില്ലാ കലക്ടർ ജാഫർ മാലിക് ഉൾപ്പടെ നിരവധി പേര്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
also read: യോഗ സമാധാനത്തിലേക്കുള്ള വഴിയെന്ന് യോഗ ദിനത്തില്‍ പ്രധാനമന്ത്രി