എറണാകുളം: കോതമംഗലം മാർത്തോമ ചെറിയപള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മതമൈത്രിയുടെ നേതൃത്വത്തിൽ മനുഷ്യമതിൽ തീർത്തു. ശ്രേഷ്‌ഠ കത്തോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ മനുഷ്യമതിലിന്‍റെ ആദ്യ കണ്ണിയായി.
അയ്യങ്കാവിൽ നിന്ന് ആരംഭിച്ച് കോതമംഗലം താലൂക്ക് ആശുപത്രി വരെ നീണ്ട മനുഷ്യമതിലിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് കണ്ണികളായത്. യാക്കോബായ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഡോക്ടർ കുര്യാക്കോസ് മാർ തെയോഫിലോസ്, എബ്രഹാം മാർ സേവേറിയോസ്, ഡീൻ കുര്യാക്കോസ് എംപി, ആന്‍റണി ജോൺ എംഎൽഎ, എൽദോസ് കുന്നപ്പിള്ളി എംഎൽഎ തുടങ്ങിയവർ മനുഷ്യമതിലിൽ പങ്കെടുത്തു.
നീതിക്കും മനുഷ്യാവകാശത്തിനും വേണ്ടിയാണ് ഇതുപോലൊരു മതിൽ സംഘടിപ്പിച്ചതെന്ന് മീഡിയ സെൽ ചെയർമാൻ ഡോക്ടർ കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഒരു വിഷയത്തിൽ കീഴ്ക്കോടതികൾ തിടുക്കം കാണിച്ചു യാക്കോബായ സഭയുടെ പള്ളികൾ പിടിച്ചെടുത്തു മെത്രാൻ കക്ഷികൾക്കു കൊടുക്കാനുള്ള തീരുമാനത്തിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.