എറണാകുളം: തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ചതിനെ തുടർന്ന് സുപ്രീംകോടതി പൊളിച്ചു നീക്കാൻ ഉത്തരവിട്ടിരിക്കുന്ന മരടിലെ ഫ്ലാറ്റുകളിൽ നിന്ന് ഉടമകൾ സാധനസാമഗ്രികൾ നീക്കുന്നത് പുരോഗമിക്കുന്നു. ജസ്റ്റിസ് കെ. ബാലകൃഷണ്‍ നായര്‍ സമിതിയാണ് ഇന്ന് വൈകിട്ട് അഞ്ച് മണി വരെ സമയം അനുവദിച്ചിരിക്കുന്നത്.
ഫ്ലാറ്റുകൾ പൊളിക്കുന്നതിന് ചുമതലയുള്ള സബ്‌കലക്ടര്‍ സ്നേഹിൽ കുമാർ സിംഗ് ഫ്ലാറ്റിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അതേസമയം തികച്ചും നിരപരാധികളായവർ ശിക്ഷിക്കപ്പെടുന്ന അവസ്ഥയാണ് തങ്ങൾക്കെന്നും മരിച്ച വീട്ടിൽ എത്തിയ പ്രതീതിയാണ് ഇപ്പോൾ ഫ്ലാറ്റിൽ എത്തിയപ്പോൾ ഉണ്ടായതെന്നും ഫ്ലാറ്റ് ഉടമകൾ പ്രതികരിച്ചു. രാഷ്ട്രീയ പാർട്ടികൾ പലരും ആദ്യം പിന്തുണ നൽകിയെങ്കിലും പിന്നീട് ഒറ്റപ്പെട്ട അവസ്ഥയാണ് ഉണ്ടായത്. ഫ്ലാറ്റിന്‍റെ ഉൾവശം മുഴുവൻ പൊളിച്ചിരിക്കുകയാണെന്നും ഇത് നശിപ്പിക്കുന്ന ആവേശം റോഡ് വികസനത്തിന് ഉൾപ്പെടെ ഉപയോഗിച്ചിരുന്നെങ്കിൽ ഗുണമുണ്ടാകുമായിരുന്നുവെന്നും ഫ്ലാറ്റ് ഉടമകള്‍ പറഞ്ഞു.
അതേസമയം ഫ്ലാറ്റ് പൊളിക്കുന്നതിനായി കമ്പനികൾക്ക് കരാർ നൽകിയതിനാൽ ജനലുകളും വാതിലുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ നീക്കം ചെയ്യാൻ ഉടമകൾക്ക് അനുമതി ലഭിച്ചിട്ടില്ല. ഫ്ലാറ്റ് സമുച്ചയത്തിലെ പാർക്കിങ് ഏരിയ ഉൾപ്പെടെ പൊളിച്ചു തുടങ്ങിയിട്ടുണ്ട്. കരാറിൽ വ്യക്തമാക്കിയിരുന്ന സമയത്തിന് മുൻപ് തന്നെ കരാർ കമ്പനികൾ ഫ്ലാറ്റുകളിൽ കടന്ന് പൊളിക്കൽ ജോലികൾ ആരംഭിച്ചതായി ഫ്ലാറ്റ് ഉടമകൾ നഷ്ടപരിഹാര സമിതിക്ക് മുന്നിൽ പരാതി നൽകിയിരുന്നു. കെട്ടിടങ്ങൾ പൊളിച്ചു നീക്കാനാണ് കരാറിൽ പറഞ്ഞിട്ടുള്ളതെങ്കിലും വാതിലുകളും ജനലുകളും വരെ പൊളിച്ചു കൊണ്ടുപോയി. ഫ്ലാറ്റുകളിലെ വിലപിടിപ്പുള്ള ഉപകരണങ്ങളും മറ്റുമാണ് കമ്പനി ആദ്യം നീക്കം ചെയ്തെന്നും ഉടമകൾ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് എസി, ഫാൻ, സാനിറ്ററി ഉപകരണങ്ങൾ തുടങ്ങിയവ നീക്കാൻ ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ കമ്മിറ്റി ഫ്ലാറ്റുടമകൾക്ക് അനുമതി നൽകിയത്.