എറണാകുളം: മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിച്ച കേസിൽ അറസ്റ്റിലായ മൂന്നു പേരെയും ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഹോളി ഫെയ്ത്ത് നിർമാണ കമ്പനി എംഡി സാനി ഫ്രാൻസിസ്, മരട് പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മുൻ ജൂനിയർ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കുക. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ഇവരെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.
ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ക്രൈംബ്രാഞ്ച് മേധാവി തച്ചങ്കരി പറഞ്ഞിരുന്നു. മറ്റൊരു മുൻ പഞ്ചായത്ത് ജീവനക്കാരനായ ജയറാമിനെയും ക്രൈംബ്രാഞ്ച് അന്വേഷണസംഘം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തെയും വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അതേസമയം ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പരിസരവാസികളുടെ ആശങ്ക അകറ്റാൻ ജെയിൻ, ആൽഫ ഫ്ലാറ്റുകളുടെ സമീപത്ത് താമസിക്കുന്നവരുടെ യോഗം ഇന്ന് രാവിലെ ചേരും. ഇതിനിടെ ഫ്ലാറ്റുകൾ പൊളിക്കുന്ന കമ്പനികൾക്ക് കൈമാറാൻ നഗരസഭ ഇതുവരെ അംഗീകാരവും നല്‍കിയിട്ടില്ല. ഇതിനായി നാളെ അടിയന്തര കൗൺസിൽ യോഗം വിളിക്കാനും നഗരസഭ അധികൃതർ ആലോചിക്കുന്നുണ്ട്. കൂടാതെ ഫ്ലാറ്റ് വിൽപന നടത്തിയതിന്റെ സത്യവാങ്മൂലം നൽകാൻ ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റി നിർദേശിച്ചിരിക്കുന്ന സമയപരിധി ഇന്ന് അവസാനിക്കും.