കൊച്ചി: മരടില്‍ 20 ഫ്ലാറ്റ് ഉടമകൾക്ക് കൂടി 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നിർണയിക്കാൻ ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് 20 ഫ്ലാറ്റ് ഉടമകൾക്ക് കൂടി നഷ്ടപരിഹാരം നൽകാൻ ശുപാർശ ചെയ്തത്.
24 അപേക്ഷകളാണ് സമിതി ഇന്ന് പരിഗണിച്ചത്. എന്നാൽ ഇതിലൊരു ഉടമ തന്റെ ഉടമസ്ഥതയിലുള്ള അഞ്ചു ഫ്ലാറ്റുകൾക്കും വെവ്വേറെ അപേക്ഷകളാണ് സമർപ്പിച്ചത്. എല്ലാത്തിന്റെയും ഉടമ ഒരു വ്യക്തിയായതിനാൽ 25 ലക്ഷം രൂപ മാത്രമാണ് സമിതി ഇപ്പോൾ സർക്കാരിന് ശുപാർശ ചെയ്തിരിക്കുന്നത്. ഇതോടെ നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്തവരുടെ എണ്ണം 220 ആയി. അതേസമയം പുതിയ അപേക്ഷകൾ സമർപ്പിക്കാനുള്ള തീയ്യതി ഈ മാസം 15 വരെ നീട്ടിയിട്ടുണ്ട്. അപേക്ഷകൾ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം മരട് നഗരസഭ 18 നു മുൻപ് സമിതിക്ക് കൈമാറണമെന്നും നിർദേശിച്ചിട്ടുണ്ട്.
നേരത്തെ 200 പേർക്ക് കൂടി സുപ്രീംകോടതി ഉത്തരവ് പ്രകാരം 25 ലക്ഷം രൂപ നഷ്ട പരിഹാരം അനുവദിക്കാൻ കമ്മിറ്റി സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. രേഖകളിൽ കുറഞ്ഞ തുക കാണിച്ചിട്ടുള്ളവർക്കും 25 ലക്ഷം രൂപ വീതം നൽകണമെന്നും ഈ തുക നിർമാതാക്കൾ കെട്ടിവെക്കണമെന്നുമാണ് സുപ്രീംകോടതി നിർദേശം.