കൊച്ചി: മരട് ഫ്ലാറ്റ് കേസിൽ അറസ്റ്റിലായ മൂന്ന് പേരെയും മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാൻഡ് ചെയ്‌തു. ഹോളി ഫെയ്ത്ത് നിർമാണ കമ്പനി എം.ഡി സാനി ഫ്രാൻസിസ്, മരട് പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മുൻ ജൂനിയർ സൂപ്രണ്ട് പി.ഇ ജോസഫ് എന്നിവരെയാണ് റിമാൻഡ് ചെയ്‌തത്. മൂന്ന് ദിവസത്തേക്കാണ് ഇവരെ റിമാന്‍ഡ് ചെയ്‌തത്. പ്രതികളുടെ ജാമ്യാപേക്ഷ കോടതി മൂന്ന് ദിവസത്തിന് ശേഷം പരിഗണിക്കും.
പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്യണമെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിമാന്‍ഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതികൾ പണവും സ്വാധീനവും ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മരട് മുൻസിപ്പാലിറ്റിയിൽ സൂക്ഷിക്കേണ്ടിയിരുന്ന വിലപ്പെട്ട രേഖകൾ നശിപ്പിക്കപ്പെടുകയോ പൂഴ്ത്തിവയ്ക്കുകയോ ചെയ്‌തിട്ടുണ്ടെന്ന് റിമാന്‍ഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസില്‍ പ്രതികളായ നിർമാണ കമ്പനിയുടമയും മുൻ പഞ്ചായത്ത് ജീവനക്കാരും ചേർന്ന് പരാതിക്കാരനെ വഞ്ചിച്ചാണ് എഴുപത്തിയഞ്ച് ലക്ഷം രൂപ വിലയിൽ ഫ്ലാറ്റുകൾ വില്‍പന നടത്തിയതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഹോളി ഫെയ്ത്ത് ഫ്ലാറ്റ് സമുച്ചയത്തിലെ ഫ്ലാറ്റ് ഉടമയായ തൃശൂർ സ്വദേശി ടോണി നൽകിയ പരാതിയിലാണ് നാല് പേരെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തത്. കേസിൽ മുൻ പഞ്ചായത്ത് ജീവനക്കാരനായ നാലാം പ്രതി ജയറാമിനെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. സങ്കീർണമായ കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കാനുണ്ടെന്നും പരിശോധന ആവശ്യമാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്.