എറണാകുളം: മരട് ഫ്ലാറ്റ് പൊളിക്കുന്നതിന് രണ്ട് കമ്പനികളെ മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് സബ് കലക്‌ടർ സ്നേഹിൽ കുമാർ. ഒമ്പതാം തിയതി കമ്പനികളെ തീരുമാനിക്കും. പതിനൊന്നാം തിയതി ഫ്ലാറ്റുകൾ കമ്പനിക്ക് കൈമാറും. മരട് ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനം നടത്തി തകർക്കുന്ന ആറ് മണിക്കൂർ നേരത്തേക്ക് നാട്ടുകാരെ ഒഴിപ്പിക്കും. 200 മീറ്റർ ചുറ്റളവിലുള്ളവരെയാണ് ഒഴിപ്പിക്കുകയെന്നും സ്നേഹിൽ കുമാർ ഐ.എ.എസ് പറഞ്ഞു.
ഏജൻസികൾ വിശദമായ റിപ്പോർട്ട് നൽകിയ ശേഷം മാത്രമേ കരാർ ഒപ്പിടൂ. ഫ്ലാറ്റ് പൊളിക്കുന്നതിന് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തും. ഫ്ലാറ്റുകളുടെ ബേസ്മെന്‍റിൽ സ്ഫോടനം നടത്താൻ അനുവദിക്കില്ല. 140 ഫ്ലാറ്റുകൾക്ക് ഉടമസ്ഥാവകാശ രേഖയില്ല. ഇവരുടെ നഷ്‌ടപരിഹാരം ജി.ബാലകൃഷ്‌ണൻ നായർ സമിതി തീരുമാനിക്കും. കമ്പനികളുമായി നടത്തിയ ചർച്ച തൃപ്തികരമാണ്. ഇന്ത്യയിൽ ആദ്യമായാണ് ഇത്രയും വലിയ കെട്ടിട സമുച്ചയം പൊളിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയം പുർണമായും ദുരീകരിക്കും. പരിസരവാസികളുടെ സുരക്ഷയുറപ്പാക്കുമെന്നും സ്നേഹിൽകുമാർകൂട്ടിച്ചേർത്തു. ഇന്ന് നടന്ന ചർച്ചയുടെ വിശദാംശങ്ങൾ അടുത്ത ദിവസം തന്നെ സർക്കാരിനെ അറിയിക്കും. കോടതിയിൽ സമർപ്പിച്ച കർമ്മ പദ്ധതിയനുസരിച്ച് പൊളിക്കൽ നടപടികൾ പൂർത്തിയാക്കുമെന്നും മരട് നഗരസഭയുടെ സെക്രട്ടറിയുടെ ചുമതലയുള്ള സബ് കലക്‌ടർ സനേഹിൽ കുമാർ വ്യക്തമാക്കി.