എറണാകുളം: ആലുവ നഗരത്തിന് മധുരം പകർന്ന് വൈവിധ്യമാർന്ന മാമ്പഴ ഇനങ്ങളടങ്ങിയ മാമ്പഴ ഫെസ്റ്റിവലിന് തുടക്കമായി. ഇമാം പസന്ത്, മല്ലിക, മൽഗോവ, സിന്തൂരം തുടങ്ങി മുപ്പത്തിരണ്ടിലധികം ഇനങ്ങളിൽ ഉള്ള മാമ്പഴങ്ങൾ ആണ് ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുള്ളത്. ഭൂരിഭാഗം മാമ്പഴങ്ങളും ജൈവ കൃഷയില്‍ വിളയിച്ചെടുത്തതാണ്.
തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ മാമ്പഴങ്ങളും എത്തിച്ചിട്ടുള്ളത്. 10 രൂപ മുതൽ 30 രൂപ വരെ വില കിഴിവിൽ ആണ് ഫെസ്റ്റിവലിൽ മാമ്പഴങ്ങൾ വിൽക്കുന്നത്. 30 വർഷമായി മാമ്പഴ വ്യാപാരം നടത്തുന്ന സെബാസ്റ്റ്യൻ ആണ് ആലുവയിൽ മാമ്പഴ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. നോമ്പ്, വിഷു സീസൺ ആയതിനാൽ സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് മാമ്പഴം എത്തിക്കാൻ ആണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചതെന്ന് സെബാസ്റ്റ്യൻ പറഞ്ഞു. വേനൽക്കാലമായതിനാൽ നിരവധി ആളുകളാണ് ആലുവ എസ്പി ഓഫീസിന് സമീപം ഒരുക്കിയിട്ടുള്ള മാമ്പഴ ഫെസ്റ്റിവൽ കാണാൻ എത്തുന്നത്.