എറണാകുളം : കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി ഉയർത്തിയ യാത്രക്കാരൻ പിടിയിൽ. തൃക്കാക്കര ഗ്രീൻലാന്റ് വിന്റർ ഹോംസ് വില്ല നമ്പർ ഒന്നിൽ താമസിക്കുന്ന പത്തനംതിട്ട മണ്ണംതുരത്തി മലക്കപ്പുഴ മടത്തിപറമ്പിൽ വീട്ടിൽ സാബു വർഗീസിനെയാണ് (55) നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്.
ബുധനാഴ്‌ച രാത്രിയായിരുന്നു സംഭവം. നെടുമ്പാശ്ശേരിയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാനായി എത്തിയതായിരുന്നു ഇയാൾ. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. വിമാനത്തിലേക്ക് കയറുന്നതിനായുള്ള സുരക്ഷ പരിശോധനയ്‌ക്കിടെയാണ് ഇയാൾ ബോംബ് ഭീഷണി ഉയർത്തിയത്.
എയർപോർട്ടിൽ മറ്റൊരു യാത്രക്കാരന്‍റെ ബാഗ് പരിശോധിക്കുന്നതിനിടെ ആ ബാഗിൽ ബോംബ് ഉണ്ടെന്ന് ഇയാൾ സുരക്ഷ ഉദ്യോഗസ്ഥനോട് വിളിച്ച് പറയുകയായിരുന്നു. ഉടനെ തന്നെ അടിയന്തര നടപടികളുടെ ഭാഗമായി യാത്രക്കാരെ ഒരിക്കൽ കൂടി പരിശോധനയ്‌ക്ക് വിധേയമാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ഉയർത്തിയ ബോംബ് ഭീഷണി വ്യാജമാണെന്ന് എയർപോർട്ട് അധികൃതർക്ക് മനസിലായത്.
തുടർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം എയർപോർട്ടിലെ സുരക്ഷാ വിഭാഗം ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു. പരിശോധനയ്‌ക്കായി ഏറെ നേരം കാത്തുനിൽക്കേണ്ടി വന്നതിന്‍റെ ദേഷ്യത്തിലാണ് വ്യാജ ബോംബ് ഭീഷണി ഉയർത്തിയതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ വ്യക്‌തമാക്കിയതായി പൊലീസ് അറിയിച്ചു.
ഡൽഹി വിമാനത്താവളത്തിലും ബോംബ് ഭീഷണി : ഇക്കഴിഞ്ഞ ഏപ്രിലിൽ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ 20കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഉത്തര്‍ പ്രദേശിലെ ഹാപൂരിലെ താമസക്കാരനായ സാക്കിര്‍ എന്നയാളാണ് അറസ്റ്റിലായത്.
ഡല്‍ഹിയിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലെ ഫോണില്‍ വിളിച്ചാണ് സാക്കിര്‍ ബോംബ് ഭീഷണിയുയര്‍ത്തിയത്. കണ്‍ട്രോള്‍ റൂമിലെ ഫോണിലേക്ക് അജ്ഞാത നമ്പറില്‍ വിളിച്ചയാള്‍ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പറയുകയും ഉടന്‍ ഫോണ്‍ കട്ട് ചെയ്യുകയുമായിരുന്നു.
ALSO READ : വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; 20കാരന്‍ അറസ്റ്റില്‍, അന്വേഷണം
നമ്പറില്‍ തിരിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തി തെരച്ചില്‍ നടത്തി. എന്നാല്‍ സംശയാസ്‌പദമായ രീതിയില്‍ ഒന്നും കണ്ടെത്താനായില്ല.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നല്‍കിയ വിവരം വ്യാജമാണെന്ന് കണ്ടെത്തിയത്. ഇതോടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സാക്കിറിനെ പൊലീസ് കണ്ടെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.