എറണാകുളം : അത്തച്ചമയം ലോകോത്തര നിലവാരമുള്ള കലാരൂപങ്ങൾ അവതരിപ്പിക്കുന്ന ആഘോഷമാക്കി മാറ്റണമെന്ന് നടൻ മമ്മൂട്ടി(Mammootty). അത്തച്ചമയ ആഘോഷം വലിയൊരു സാംസ്‌കാരിക ഉത്സവമാക്കി മാറ്റണമെന്നും സർക്കാർ ഇതിനാവശ്യമായ ഇടപെടൽ നടത്തണമെന്നും തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രയുടെ(Athachamayam 2023) ഫ്ലാഗ് ഓഫ് നിർവഹിച്ച ശേഷം മമ്മുട്ടി പറഞ്ഞു.
അത്താഘോഷ പരിപാടികളിൽ താൻ ആദ്യമായാണ് പങ്കെടുക്കുന്നത്. അത്താഘോഷത്തിൽ ആദ്യമായി പങ്കെടുക്കുന്നുവെന്ന് പറഞ്ഞത് വേദിയിൽ ഒരു അതിഥിയായി പങ്കെടുക്കുന്നതിനെ കുറിച്ചാണ്. നിങ്ങളറിയുന്ന മമ്മൂട്ടിയാകുന്നതിന് മുമ്പ് ഞാൻ ഇവിടെയൊക്കെ വായിനോക്കി നിന്നിരുന്നു. അന്നും തനിക്ക് അത്താഘോഷത്തിൽ പങ്കെടുക്കുമ്പോൾ ഒരു അത്ഭുതമായിരുന്നു.
ഇന്നും അത്ഭുതം മാറിയിട്ടില്ല. ഏത് സങ്കൽപ്പത്തിന്‍റെയും ഏത് വിശ്വാസത്തിന്‍റെയും പേരിലായാലും അത്തം നമുക്ക് ആഘോഷമാണ്. രാജാക്കന്മാർ സർവാഭരണ വിഭൂഷിതരായി തെരുവോരങ്ങളിൽ ഘോഷയാത്രയായി എത്തുമ്പോൾ പ്രജകൾ കാത്തു നിൽക്കുന്നതായിരുന്നു അത്തച്ചമയത്തിന്‍റെ സങ്കൽപ്പം.
എന്നാൽ ഇപ്പോൾ ജനാധിപത്യ സംവിധാനത്തിൽ പ്രജകളാണ് രാജാക്കന്മാർ. അതായത് നമ്മളാണ് ഇന്ന് രാജാക്കന്മാർ. ജനാധിപത്യ സംവിധാനത്തിൽ ഈ ആഘോഷം പൂർണമായും ജനങ്ങളുടേതാണ്. നമ്മളുടെ സ്നേഹത്തിന്‍റെയും സൗഭാഗ്യത്തിന്‍റെയും സന്തോഷത്തിന്‍റെയും വലിയ ആഘോഷമായാണ് അത്തച്ചമയം ആഘോഷിക്കുന്നത്.
അതേസമയം അത്തച്ചമയ ആഘോഷം വലിയൊരു സാംസ്‌കാരിക ഉത്സവമാക്കി മാറ്റണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. സർക്കാർ അതിന് മുൻകൈയെടുക്കണം. ഘോഷയാത്രയ്ക്ക് അപ്പുറത്തേക്ക് ലോകോത്തരമായ കലാരൂപങ്ങൾ അവതരിപ്പിക്കുന്ന വേദിയായി മാറണം. അത്തം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ആഘോഷമാക്കി മാറ്റണമെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.
മഹാബലി ഏറ്റവും വലിയ സോഷ്യലിസ്റ്റ് : ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ് ആണ് മഹാബലി. മനുഷ്യരെയെല്ലാം ഒന്നു പോലെ കാണുകയെന്ന സങ്കൽപ്പം എങ്ങും നടന്നതായി അറിയില്ല. സൃഷ്‌ടിയിൽ പോലും മനുഷ്യരെല്ലാവരും ഒരു പോലെയല്ല. എന്നാലും മനസ് കൊണ്ടും, സ്നേഹം കൊണ്ടും, പെരുമാറ്റം കൊണ്ടും ഒരേപോലെയുള്ള മനുഷ്യരായി നമുക്ക് മാറാം.
അതിന് ഈ ആഘോഷങ്ങളും സങ്കൽപ്പങ്ങളും ഉപകരിക്കട്ടെ. ഓണത്തിന്‍റെ പത്ത് ദിവസത്തിന് അപ്പുറത്തേക്ക് 365 ദിവസവും നമുക്ക് സന്തോഷവും സ്നേഹവും ഉണ്ടാകട്ടെയെന്നും എല്ലാവർക്കും അത്തം ആശംസകൾ അർപ്പിക്കുന്നതായും മമ്മൂട്ടി പറഞ്ഞു.
വർണാഭമായ ഘോഷയാത്ര : വൈവിധ്യങ്ങളായ കലാരൂപങ്ങൾ അണിനിരന്ന വർണാഭമായ ഘോഷയാത്ര ബോയ്‌സ് ഹൈസ്‌കൂളിൽ നിന്നും ആരംഭിച്ച് ആശുപത്രി ജങ്ഷൻ, സ്റ്റാച്യു, കിഴക്കേക്കോട്ട, പഴയ സ്റ്റാന്‍റ്, എസ്എൻ ജങ്ഷൻ വടക്കേക്കോട്ട, പൂർണ്ണത്രയീശ ക്ഷേത്രം, വീണ്ടും സ്റ്റാച്ചു വഴി നഗരം ചുറ്റി ബോയ്‌സ് ഹൈസ്‌കൂളിൽ അവസാനിച്ചു.
മാവേലി വേഷം കെട്ടിയ കലാകാരന്മാർ, ചെണ്ടമേളം, പുലിക്കളി, കുമ്മാട്ടിക്കളി, കോൽക്കളി, മയിലാട്ടം, വേലകളി തുടങ്ങിയ നിരവധി കലാരൂപങ്ങൾ, ചരിത്രവും വർത്തമാനവും പ്രതിഫലിക്കുന്ന നിശ്ചല ദൃശ്യങ്ങൾ ഉൾപ്പടെ കേരളത്തിന്‍റെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്നതായിരുന്നു അത്തം ഘോഷയാത്ര. മത സൗഹാർദ്ദത്തിന്‍റെ പ്രതീകമായി കരിഞ്ഞാച്ചിറ കത്തനാറുടെയും, നെട്ടൂർ തങ്ങളുടെയും, ചെമ്പൻ അരയന്‍റെയും പിൻഗാമികളായ പ്രതിനിധികളും അത്താഘോഷത്തിന് ആശംസ നേരാൻ എത്തിച്ചേർന്നു.
അത്തച്ചമയത്തിന്‍റെ ഐതിഹ്യം : രാജഭരണകാലത്ത് ചിങ്ങമാസത്തിലെ അത്തം നാളിൽ പ്രത്യേക ചമയങ്ങൾ അണിഞ്ഞ് കൊച്ചി രാജാക്കന്മാർ സേനാ വ്യൂഹത്തോടും കലാസാംസ്‌കാരിക ഘോഷയാത്രയോടും കൂടി പല്ലക്കിൽ നടത്തിയിരുന്ന എഴുന്നള്ളത്താണ് അത്തച്ചമയം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്.
കാലം മാറി രാജഭരണം അവസാനിച്ചതോടെ ഘോഷയാത്ര നിലച്ചെങ്കിലും പിന്നീട് ജനകീയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പുനഃസ്ഥാപിക്കുകയായിരുന്നു. ഇപ്പോൾ തൃപ്പൂണിത്തുറ നഗരസഭയാണ് അത്താഘോഷം സംഘടിപ്പിക്കുന്നത്.
രാജഭരണത്തിന്‍റെ ആസ്ഥാനമായിരുന്ന ഹിൽപാലസിൽ നിന്ന് അത്തം നഗറിൽ ഉയർത്താനുള്ള പതാക നഗരസഭാധ്യക്ഷ രമ സന്തോഷ് രാജകുടുംബത്തിന്‍റെ പ്രതിനിധിയിൽ നിന്ന് ഏറ്റുവാങ്ങിയതോടെയാണ് അത്താഘോഷ ചടങ്ങുകൾക്ക് തുടക്കമായത്.