മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ബസൂക്കയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. വില്ലിങ്‌ടണ്‍ ഐലന്‍ഡിലെ സാമുദ്രിക ഹാളിലായിരുന്നു ചടങ്ങുകള്‍. തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസ് ചിത്രത്തിന്‍റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ബസൂക്കയുടെ ഫസ്റ്റ് ക്ലാപ്പ് അടിച്ചത് സംവിധായകന്‍ ഷാജി കൈലാസ് ആണ്.
'ആസ്വാദകരെ അമ്പരപ്പിക്കുന്ന ഒരു തിരക്കഥ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ബസൂക്ക ഒരു ആക്ഷന്‍ ചിത്രമാണ്. വിവേകികളുടെ ഗെയിം കൂടിയാണ് ഈ കഥ. കൂടാതെ ശക്തമായി ചിത്രീകരിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ഉണ്ട്. വളരെ നന്നായി ഒരുക്കിയ തിരക്കഥയാണിത്. ചിത്രീകരണത്തിനായി കാത്തിരിക്കുകയാണ്. കാരണം ബസൂക്കയിലെ എന്‍റെ കഥാപാത്രം എന്നെ വളരെ രസകരമായ ഒരു യാത്രയിലേക്ക് കൊണ്ടുപോകുമെന്ന് ഉറപ്പാണ്' -ചിത്രത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത് ഇങ്ങനെയാണ്.
'വളരെ ആവേശകരമായ ഈ കഥയിൽ ഡീനോയ്‌ക്കൊപ്പം പ്രവർത്തിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സിനിമയേയും ലോകത്തെയും പുതിയ കണ്ണുകളോടെ കാണുന്ന, റിസ്‌ക് എടുക്കാൻ തയ്യാറുള്ള, ഉള്ള കഥകൾ പറയാൻ ആഗ്രഹിക്കുന്ന യുവ പ്രൊഫഷണലുകൾക്കൊപ്പം പ്രവർത്തിക്കുന്നത് എല്ലായ്‌പ്പോഴും ഉന്മേഷദായകമാണ്. ഈ ചിത്രം നമുക്കെല്ലാവർക്കും ഒരു നാഴികക്കല്ലായിരിക്കുമെന്നും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്' -മമ്മൂട്ടി പറഞ്ഞു.
'മമ്മൂട്ടി സാറിനൊപ്പം പ്രവർത്തിക്കുക എന്ന ചിരകാല സ്വപ്‌നത്തിന്‍റെ പരിസമാപ്‌തിയാണ് ഈ ചിത്രം. ഈ തിരക്കഥ എനിക്ക് അതിനുള്ള അവസരം നൽകി. അദ്ദേഹത്തിന്‍റെ അത്ര അനുഭവപരിചയമുള്ള ഒരാളെ സംവിധാനം ചെയ്യുക എന്നത് ജീവിതത്തിലെ ഭാഗ്യമായതിനാൽ ഞാൻ ത്രില്ലിലാണ്' -ഡീനോ ഡെന്നിസ് കുറിച്ചു.
കലൂര്‍ ഡെന്നിസിന്‍റെ മകന്‍ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറാണ് ബസൂക്ക. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഗൗതം മേനോന്‍ ഷൈന്‍ ടോം ചാക്കോ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയും ഗൗതം മേനോനും ഒരുമിച്ച് സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ബസൂക്കക്കുണ്ട്.
സണ്ണി വെയ്‌ന്‍, ഷറഫുദ്ദീന്‍, സിദ്ധാര്‍ഥ് ഭരതന്‍, ബിഗ് ബി ഫെയിം സുമിത് നേവല്‍, ജഗദീഷ്, ദിവ്യ പിള്ള എന്നീ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. തിയേറ്റർ ഓഫ് ഡ്രീംസാണ് ചിത്രം നിർമ്മിക്കുന്നത്. കൊച്ചിയിലും ബെംഗളുരുവിലുമായാണ് ബസൂക്കയുടെ ചിത്രീകരണം നടക്കുക.