കൊച്ചി: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ സ്റ്റെന ഇംപെറോയിലെ മലയാളി ജീവനക്കാരനായ എറണാകുളം സ്വദേശി സിജു വി ഷേണായിയും മറ്റ് ജീവനക്കാരും സുരക്ഷിതര്‍. സിജുവിന്‍റെ ഫോൺ സന്ദേശം ലഭിച്ചതായി മാതാപിതാക്കൾ അറിയിച്ചു. കപ്പലിലുള്ള എല്ലാവർക്കും കുടുംബവുമായി സംസാരിക്കുവാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. ഓരോ മൂന്നു മണിക്കൂർ ഇടവിട്ട് കമ്പനിയിൽനിന്ന് വിവരങ്ങൾ നൽകുന്നുണ്ടെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷയെന്നും സിജുവിന്‍റെ മാതാപിതാക്കൾ പറഞ്ഞു.
അതേസമയം സർക്കാരിന്റെ ഭാഗത്തുനിന്നും പ്രത്യേക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സിജുവിന്‍റെ പിതാവ് വിത്തല്‍ ഷേണായി പറഞ്ഞു. വിജിലൻസും പൊലീസ് ഉദ്യോഗസ്ഥരും വീട്ടിൽ എത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുന്നുണ്ടെന്ന് അറിയിപ്പ് ലഭിച്ചതായും അദ്ദേഹം അറിയിച്ചു. കപ്പല്‍ പിടിച്ചെടുത്ത ദിവസം വൈകിട്ടാണ് സിജു അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്. നാലുവർഷമായി സ്റ്റെന ഇംപെറോയിലെ മറൈൻ എൻജിനീയറായി ജോലി ചെയ്യുന്ന സിജു അവധി കഴിഞ്ഞ് ജൂൺ പതിനാലാം തീയതിയാണ് മടങ്ങിയത്.