എറണാകുളം: മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ കലോത്സവം 'അനേക'യ്‌ക്ക് ഇന്ന് കൊച്ചിയിൽ തിരശീല ഉയരും. മലയാള നാടക അഭിനേത്രി നിലമ്പൂർ ആയിഷ, പ്രശസ്‌ത എഴുത്തുകാരൻ ബെന്യാമിൻ, ജി ആർ ഇന്ദുഗോപൻ, യുവ എഴുത്തുകാരി ദീപ നിശാന്ത് എന്നിവർ ചേർന്നാണ് കലോത്സവത്തിന്‍റെ ഉദ്‌ഘാടന കർമ്മം നിർവഹിക്കുന്നത്. എംജി യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർപേഴ്‌സൺ ജിനീഷ് രാജൻ അധ്യക്ഷനാകുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി, സാനു മാഷ്, കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ തുടങ്ങിയവരും പങ്കെടുക്കും.
ഫെബ്രുവരി എട്ട് മുതൽ 12 വരെ എട്ടു വേദികളിലായാണ് കലോത്സവം അരങ്ങേറുന്നത്. അഞ്ച് ജില്ലകളിലെ 209 കോളേജുകളിൽ നിന്നും ഒരു ലക്ഷത്തിലേറെ വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. മൂന്ന് ട്രാൻസ്‌ജെൻഡർ വിദ്യാർഥികളും മത്സരാർഥികളാകുന്നുണ്ട്. മഹാരാജാസ് കോളേജ്, ഗവ.ലോ കോളേജ്, മഹാരാജാസ് മെൻസ് ഹോസ്റ്റൽ ഗ്രൗണ്ട് എന്നിങ്ങനെ എട്ടോളം വേദികളിലായാണ് കലോത്സവം സംഘടിപ്പിക്കുന്നത്.
കൊവിഡ് കാലത്തെ രണ്ടുവർഷം ഇടവേളയ്ക്കുശേഷം സജീവമായ കാമ്പസുകളിൽ നിന്നെത്തുന്ന കലാപ്രതിഭകളെ വരവേൽക്കാൻ കൊച്ചി നഗരം ഒരുങ്ങി കഴിഞ്ഞു. നിറപ്പകിട്ടാർന്ന ഘോഷയാത്രയോടെയാകും ഒന്നാം വേദിയായ മഹാരാജാസ് മെൻസ് ഹോസ്റ്റൽ ഗ്രൗണ്ടിലെ ഉദ്ഘാടന ചടങ്ങ് നടക്കുക. ആദ്യദിവസം തിരുവാതിരകളി, കേരളനടനം എന്നീ മത്സരങ്ങൾ നടക്കും.
വർഷങ്ങൾക്ക് ശേഷമാണ് വലിയൊരു കലോത്സവത്തിന് കൊച്ചി നഗരം സാക്ഷിയാവുന്നത്. കലോത്സവ പരിപാടികൾ ആസ്വദിക്കാൻ വൻ ജനാവലി ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗതാഗതക്കുരുക്ക് പരിഗണിച്ച് സംസ്ഥാന സ്‌കൂൾ കലോത്സവമുൾപ്പടെ സംഘടിപ്പിക്കുന്നതിൽ നിന്ന് കൊച്ചിയെ നേരത്തെ ഒഴിവാക്കിയിരുന്നു. മേയർ അഡ്വ. എം അനിൽകുമാർ ചെയർമാനും അർജുൻ ബാബു ജനറൽ കൺവീനറുമായുള്ള സ്വാഗതസംഘമാണ് കലോത്സവത്തിനായി പ്രവർത്തിക്കുന്നത്.