എറണാകുളം: പരീക്ഷ എഴുതാത്ത വിദ്യാർഥിയുടെ ഫലം തെറ്റായി പ്രസിദ്ധീകരിച്ചത് സാങ്കേതിക പിഴവ് മാത്രമെന്ന് മഹാരാജാസ് കോളജ് ഗവേണിങ് ബോഡി. കോളജിന്‍റെ പേരിൽ വ്യാജ രേഖ നിർമിച്ചതിൽ കോളജുമായി ബന്ധപ്പെട്ട ആർക്കും പങ്കില്ലെന്നും, വ്യാജ രേഖ നിർമിച്ച് ക്രിമിനൽ പ്രവർത്തനം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കേണ്ടത് പൊലീസാണെന്നും കോളജ് ഗവേണിംഗ് ബോഡി വിലയിരുത്തിയതായി ചെയർമാൻ രമാകാന്തൻ അറിയിച്ചു.
സാങ്കേതിക പിഴവ് മാത്രം: ആർഷോയുടെ റിസൾട്ട് തെറ്റായി പ്രസിദ്ധീകരിച്ചത് സംബന്ധിച്ച് സൂക്ഷമമായി കോളജ് ഗവേണിങ് ബോഡി പരിശോധിച്ചു. സ്വയം ഭരണ കോളജായി മാറിയ ശേഷം പ്രവേശനം മുതൽ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് വരെയുള്ള കാര്യങ്ങളെല്ലാം മഹാരാജാസ് കോളജിന്‍റെ ചുമതലയാണ്. എന്നാൽ ഇത് നിർവഹിക്കുന്നതിനുള്ള സാങ്കേതിക സഹായം നൽകുന്നത് എൻഐസിയാണ്. പലപ്പോഴും അവരുടെ സോഫ്റ്റ്‌വെയറിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ശരിയല്ലെന്നും ഇതാണ് കോളജ് നേരിടുന്ന പ്രധാന പ്രശ്‌നമെന്നും ഗവേണിങ് ബോഡി വ്യക്തമാക്കി.
വിവാദങ്ങള്‍ അനാവശ്യം: വിവാദമായി ഉയർന്ന പ്രശ്‌നത്തിൽ മാർക്ക് പൂജ്യമായി രേഖപ്പെടുത്തുകയും എന്നാൽ പാസ്സ്‌ഡ് എന്ന് തെറ്റായി അടിച്ചുവരികയാണ് ചെയ്‌തത്. ഇത്തരത്തിൽ നിരവധി പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. 2020 ൽ പ്രവേശനം നേടുകയും 2021ൽ പുനഃപ്രവേശനം നേടുകയും ചെയ്‌ത വിദ്യാർഥിയാണ് ആർഷോ. ഈ ബാച്ചിൽ ഒന്നിലധികം വിദ്യാർഥികൾക്ക് ഇതേ പ്രശ്‌നമുണ്ടെന്നും ഗവേണിങ് ബോഡി ചെയർമാൻ രമാകാന്തൻ അറിയിച്ചു. എൻഐസി നൽകിയ ലിസ്‌റ്റിൽ ആർഷോയുടെ പേരുണ്ട്. ഒരു വർഷം മുമ്പുള്ള വിവരങ്ങൾ റെക്കോഡ് റൂമിൽ നിന്ന് വീണ്ടെടുത്ത് പരിശോധിച്ചപ്പോഴാണ് ആർഷോ പരീക്ഷയ്ക്ക് വേണ്ടി അപേക്ഷിച്ചില്ലെന്ന് മനസിലായത്. അതിനാലാണ് പ്രിൻസിപ്പൽ രണ്ടാമത് മാറ്റി പറഞ്ഞതെന്നും പരീക്ഷ എഴുതാതെ ഒരു കുട്ടിയെ ബോധപൂർവം വിജയിപ്പിക്കുകയായിരുന്നു പരിശ്രമമെങ്കിൽ പുജ്യം മാർക്കിട്ട് പാസ്‌ഡ് എന്ന് രേഖപ്പെടുത്തില്ലെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് മനസിലാകുമെന്നും രമാകാന്തൻ അറിയിച്ചു.
കുട്ടികൾക്ക് മാത്രം പാസ്‌വേർഡ് ഉപയോഗിച്ച് കാണാൻ കഴിയുന്ന ഫലപ്രഖ്യാപനമാണിത്. മാർക്ക് ലിസ്‌റ്റ് ഇഷ്യൂ ചെയ്‌തിട്ടില്ല. ഫലപ്രഖ്യാപനത്തിന്‍റെ കാര്യത്തിൽ കോളജിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്നും ഗവേണിങ് ബോഡി അറിയിച്ചു. ആർഷോയുടേത് ഒറ്റപ്പെട്ട പ്രശ്‌നമല്ല. ഇത്തരം സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. ആർഷോയുടെ ബാച്ചിൽ തന്നെ ഇത്തരം പിഴവ് സംഭവിച്ചിട്ടുണ്ടെന്നും പിഴവ് എന്ന നിലയിൽ കാണാതെ ഇതിൽ നിന്ന് പാഠമുൾക്കൊണ്ട് മികവുറ്റ സാങ്കേതിക സംവിധാനത്തിലേക്ക് മഹാരാജാസ് കോളജിനെ നയിക്കുമെന്നും ഗവേണിംഗ് ബോഡി ചെയർമാൻ രമാകാന്തൻ കൂട്ടിച്ചേര്‍ത്തു. എൻഐസിയോട് ഈ വിഷയം നിരന്തരമായി ഉന്നയിച്ചിട്ടും ഫലമുണ്ടായിട്ടില്ല. സ്വയംഭരണ കോളജായിട്ടും ഐടി വിങിന്‍റെ പരിമിതിയുണ്ട്. ഈ പ്രശ്‌നം സർക്കാറിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരികയും മികവുറ്റ സാങ്കേതിക സംവിധാനം മഹാരാജാസിൽ കൊണ്ടുവരികയെന്നത് പ്രധാനമാണെന്നും ഇവര്‍ വ്യക്തമാക്കി.
കൂടുതൽ വിദ്യാർഥി സൗഹൃദമായി കോളജിനെ മുന്നോട്ടുകൊണ്ടുപോകും. വിദ്യാർഥികൾക്ക് അവരുടെ പരാതികൾ സമർപ്പിക്കാൻ കംപ്ലയിന്‍റ് ബോക്‌സ് സ്ഥാപിക്കും. മാസത്തിൽ ഒരു തവണ ഇത് പരിശോധിക്കുകയും ചെയ്യും. കോളജ് എക്‌സാമിനേഷൻ വിങിലെ ജീവനക്കാർ നിരന്തരമായി പ്രിൻസിപ്പലിനെ റിപ്പോർട്ട് ചെയ്യണമെന്നും തീരുമാനിച്ചിട്ടുണ്ട്. കോളജിന്‍റെ പേരിൽ വ്യാജ രേഖ നിർമിച്ച സംഭവത്തിൽ ഗവേണിങ് ബോഡി ചർച്ച ചെയ്‌തിട്ടില്ലെന്നും ചെയർമാൻ രമാകാന്തൻ പ്രതികരിച്ചു.
വ്യാജ രേഖയില്‍ ചര്‍ച്ചയായില്ല: വ്യാജ രേഖ നിർമിച്ച സംഭവത്തിൽ കോളജുമായി ബന്ധപ്പെട്ട ആർക്കും പങ്കില്ല. കോളേജിന്‍റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഗുരുതരമായ ക്രിമിനൽ കുറ്റം ചെയ്‌തവരെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരാനാണ് കോളജ് ശ്രമിച്ചത്. സംഭവം ശ്രദ്ധയിൽപെട്ടയുടനെ തന്നെ പ്രിൻസിപ്പാള്‍ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിക്കേണ്ടത് പോലീസാണെന്നും ഗവേണിങ് ബോഡി ചെയർമാൻ രമാകാന്തൻ പറഞ്ഞു. ആർക്കിയോളജി വിഭാഗത്തിന്‍റെ ചുമതലയുള്ള വിനോദ് കുമാറിനെതിരെ ആർഷോ ഉൾപ്പടെയുള്ളവർ നൽകിയ പരാതിയിൽ കഴമ്പില്ലന്നാണ് പരാതി പരിഹാരസെൽ റിപ്പോർട്ട് നൽകിയത്. അതേസമയം ഈ കോ ഓർഡിനേറ്റർ ആർക്കിയോളജി വിഭാഗത്തിൽ വൈദഗ്‌ധ്യമുള്ളയാൾ എല്ലാത്തതിനാലും, കുട്ടികളിൽ നിന്ന് പരാതി ലഭിച്ച സാഹചര്യത്തിലും ഈ അധ്യാപകന് സ്വമേധയാ സ്ഥാനം ഒഴിയാമെന്നാണ് ഗവേണിങ് ബോഡി നിലപാട് സ്വീകരിച്ചതെന്നും ചെയർമാൻ രമാകാന്തൻ കൂട്ടിച്ചേര്‍ത്തു. അതേസമയം പരാതി ഉന്നയിച്ച കുട്ടികൾക്ക് ഒരുതരത്തിലുള്ള തെളിവും വിനോദ് കുമാറിനെ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രിൻസിപ്പൽ വി.എസ് ജോയിയും അറിയിച്ചു.