'കാഴ്‌ചാപരിമിതിയുള്ള അധ്യാപകനെ പരിഹസിച്ച് വീഡിയോ' ; വിദ്യാർഥികൾക്കെതിരെ കേസെടുക്കില്ല, പരാതിയില്ലെന്ന് അധ്യാപകൻ - BLIND TEACHER VIDEO NO CASE
മഹാരാജാസ് കോളജിൽ അധ്യാപകനെ പരിഹസിച്ചെന്ന സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പ്രിയേഷ് മൊഴി നൽകി
എറണാകുളം : മഹാരാജാസ് കോളജിലെ കാഴ്‌ചാപരിമിതിയുള്ള അധ്യാപകനെ പരിഹസിച്ച് വിദ്യാർഥികൾ വീഡിയോ ചിത്രീകരിച്ചെന്നതില്‍ കേസെടുക്കില്ല. പരാതിയില്ലെന്ന് അധ്യാപകൻ മൊഴി നൽകിയതോടെയാണ് കേസെടുക്കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചത്. എറണാകുളം സെൻട്രൽ പൊലീസ് ഉദ്യോഗസ്ഥർ കോളജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം ഓഫിസിലെത്തിയായിരുന്നു അധ്യാപകൻ പ്രിയേഷിന്‍റെ
മൊഴി രേഖപ്പെടുത്തിയത്.
പരാതിയില്ലെന്നും കുട്ടികൾക്കെതിരെ കേസെടുക്കേണ്ടെന്നും പ്രിയേഷ് പൊലീസിനെ അറിയിക്കുകയായിരുന്നു. കോളജ് ഗവേണിംഗ് ബോഡിയായിരുന്നു അധ്യാപകനെ വിദ്യാർഥികൾ പരിഹസിച്ചെന്ന് കാണിച്ച് സെൻട്രൽ പൊലീസിന് പരാതി നൽകിയത്. ഭിന്നശേഷി അവകാശ നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു കോളജ് ഗവേണിംഗ് ബോഡിയുടെ ആവശ്യം.
അധ്യാപകന്‍റെ മൊഴിയും ദൃശ്യങ്ങളും പരിശോധിച്ച ശേഷമായിരിക്കും കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം എന്ന നിലപാടായിരുന്നു പൊലീസ് ആദ്യം മുതൽ സ്വീകരിച്ചത്. അധ്യാപകന്‍റെ മൊഴി വിദ്യാർഥികൾക്ക് അനുകൂലമായതോടെയാണ് കേസുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചത്. അതേസമയം ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ഒരു സമിതിയെ മഹാരാജാസ് കോളജ് ഗവേണിംഗ് ബോഡി നിയോഗിച്ചിരുന്നു.
ഒരാഴ്‌ചയ്‌ക്കകം സമിതി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ഭിന്ന ശേഷിക്കാരായ വേറെയും അധ്യാപകർ മഹാരാജാസിൽ ജോലി ചെയ്യുന്നുണ്ടെന്നും ഇവരുടെയാകെ ആത്മവിശ്വാസത്തിനും അന്തസിനും കോട്ടം തട്ടുന്ന രീതിയിലുള്ള ഒരു പ്രവർത്തനവും അംഗീകരിക്കില്ലെന്നുമാണ് വിഷയത്തിൽ കോളജിന്‍റെ നിലപാട്. കാഴ്‌ചാപരിമിതിയുള്ള അധ്യാപകനായ പ്രിയേഷിനെ അപമാനിക്കുന്ന തരത്തിൽ വിദ്യാർഥികൾ വീഡിയോ ചിത്രീകരിക്കുകയും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി ഉയര്‍ന്നത്.
അധ്യാപകൻ ക്ലാസെടുക്കുന്ന വേളയിൽ വിദ്യാർഥികളെല്ലാം മൊബൈലിൽ നോക്കിയിരുന്നതായും അനുവാദമില്ലാതെ ക്ലാസിൽ പ്രവേശിക്കുകയും ഇറങ്ങി പോവുകയും ചെയ്‌തതായും വീഡിയോ മുന്‍നിര്‍ത്തി ആരോപണം ഉയര്‍ന്നിരുന്നു.
അധ്യാപകൻ കാഴ്‌ചാപരിമിതിയുള്ള ആളായതിനാൽ വിദ്യാർഥികൾക്ക് ക്ലാസ് റൂമിൽ എന്തുമാകാമെന്ന തെറ്റായ സന്ദേശം നൽകുന്നതാണ് വീഡിയോയെന്ന് വിമര്‍ശനമുയര്‍ന്നു. കൂടാതെ അധ്യാപകന്‍റെ ഭിന്നശേഷിയെ പരിഹസിക്കുന്ന രീതിയിലുള്ളതാണ് വീഡിയോയെന്നും ആക്ഷേപമുയര്‍ന്നു. വിഷയത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. അതേസമയം മഹാരാജാസ് കോളജില്‍, തെറ്റായി ഫലം പ്രസിദ്ധീകരിച്ച സംഭവത്തിലുൾപ്പടെ കെ.എസ്.യു സമരങ്ങൾക്ക് നേതൃത്വം നൽകിയ ഫാസില്‍ ആരോപണ വിധേയനായ സംഭവം സംഘടനയെ പ്രതിരോധത്തിലാക്കി. കെ.എസ്.യു നേതാവ് ഉൾപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്തെത്തി.
Read More : 'കാഴ്‌ചാപരിമിതിയുള്ള അധ്യാപകനെപരിഹസിച്ച് വീഡിയോ' : മൊഴി രേഖപ്പെടുത്തി പൊലീസ്
ആരോപണ വിധേയനായ ഫാസിലിനെതിരെ കെഎസ്‌യു സംസ്ഥാന നേതൃത്വം നടപടിയെടുക്കണമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ ആവശ്യപ്പെട്ടു. അതേസമയം ആരോപണ വിധേയനായ ഫാസിൽ പറയുന്നത് വൈകിയെത്തിയ താൻ അധ്യാപകനോട് അനുവാദം വാങ്ങിയാണ് ക്ലാസിൽ പ്രവേശിച്ചതെന്നാണ്. താൻ ക്ലാസിൽ കയറിയതിന് പിന്നാലെ അധ്യാപകൻ പുറത്തുപോവുകയായിരുന്നു. ഈ സമയം മറ്റുകുട്ടികൾ തന്നെ നോക്കി ചിരിച്ചതിനാൽ താനും ചിരിക്കുകയായിരുന്നു. വീഡിയോ ചിത്രീകരിക്കുന്നത് അറിഞ്ഞിരുന്നില്ല. അധ്യാപകനെ പരിഹസിക്കാൻ താൻ ബോധപൂർവം ഒന്നും ചെയ്‌തിട്ടില്ലെന്നും ഫാസിൽ വിശദീകരിച്ചിരുന്നു.