എറണാകുളം: പെരുമ്പാവൂർ നഗരം മാഫിയ സംഘങ്ങളുടെ താവളമാകുന്നുവെന്ന പരാതിയുമായി പ്രദേശവാസികള്‍. നഗര മധ്യത്തിലുള്ള ഗാന്ധി പ്രതിമയ്‌ക്ക് സമീപമുൾപ്പെടെ പല ഭാഗങ്ങളിലും പരസ്യ മദ്യപാനവും മയക്കുമരുന്നുപയോഗവും മറ്റ് അനാശാസ്യ പ്രവർത്തനങ്ങളും നിര്‍ബാധം തുടരുകയാണെന്ന് ഇവര്‍ വ്യക്തമാക്കുന്നു. യാത്രക്കാരുടെയും വ്യാപാരികളുടെയും ജീവനും സ്വത്തിനും ഭീഷണിയായിട്ടും ഇവർക്കെതിരെ യാതൊരു നടപടിയും പൊലീസോ നഗരസഭയോ സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
ഇതര സംസ്‌ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നുമുള്ള ഗുണ്ട - മാഫിയ സംഘങ്ങളിൽ ഉൾപ്പെട്ടവരാണ് രാത്രികാലങ്ങളിൽ ഇവിടെ തമ്പടിക്കുന്നത്. പകൽ സമയങ്ങളിൽ ആക്രി സാധനങ്ങൾ പെറുക്കി വിൽക്കാനെന്ന വ്യാജന നടന്ന് രാത്രി കാലങ്ങളിൽ യാത്രക്കാരെ പിടിച്ചുപറിക്കുകയും കച്ചവട സ്‌ഥാപനങ്ങളില്‍ കവര്‍ച്ച നടത്തുകയും ചെയ്യുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ചോദ്യം ചെയ്യുന്നവരെ ഇവർ കയ്യേറ്റം ചെയ്യുകയും കല്ലെറിയുകയും ചെയ്ത സംഭവങ്ങളുമുണ്ട്. പൊലീസിനോട് പരാതിപ്പെട്ടപ്പോൾ ഇവർക്കെതിരെ ശക്തമായ നടപടി എടുക്കാനുള്ള വകുപ്പുകളില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്നും ഇവര്‍ വിശദീകരിക്കുന്നു.
മുനിസിപ്പൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പെരുമ്പാവൂർ പ്രസ്സ് ക്ലബ്ബിന് സമീപം ഇക്കൂട്ടത്തിൽ ചിലർ ദിവസങ്ങളോളം തമ്പടിച്ചിട്ടുണ്ട്. പ്രസ്സ് ക്ലബ്ബിലെ വനിത ജീവനക്കാരി മാത്രം ഓഫീസിലുള്ള സമയത്ത് ഒരാൾ ഓഫീസിന് മുന്നിൽ നഗ്നത പ്രദർശനം നടത്തുകയും മണിക്കൂറുകളോളം ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിരുന്നു.
ഇതിന്‍റെ ദൃശ്യങ്ങൾ സഹിതം പൊലീസിനോട് പരാതിപ്പെട്ടിട്ടും സംഭവസ്ഥലം സന്ദർശിച്ചെന്നല്ലാതെ തുടർ നടപടികളുണ്ടായില്ല. നഗരസഭ അധികൃതരോട് പലവട്ടം പരാതിപ്പെട്ടിട്ടും അനുകൂല നടപടികളില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. പൊലീസും നഗരസഭ അധികൃതരും ഈ സാമൂഹ്യവിരുദ്ധരെ ഭയപ്പെടുന്ന തരത്തിൽ ഇവർക്ക് പിന്നിൽ ആരാണുള്ളതെന്ന ചോദ്യവും ജനം ഉയര്‍ത്തുന്നു.