എറണാകുളം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഓഫീസിൽ വിളിച്ചു വരുത്തി പതിനൊന്ന് മണിക്കൂറാണ് ചോദ്യം ചെയ്തത്. അതേസമയം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. ശിവശങ്കർ നൽകിയ മൊഴി വിശകലനം ചെയ്തായിരിക്കും കസ്റ്റംസ് തീരുമാനമെടുക്കുക. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ തിരുവനന്തപുരത്ത് വെച്ച് ഒമ്പത് മണിക്കൂർ കസ്റ്റംസ് എം. ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.
യുഎഇ കോൺസുലേറ്റ് എത്തിച്ച ഈന്തപ്പഴം വിതരണം ചെയ്തതിൽ ചട്ടലംഘനം നടന്നതായി കണ്ടെത്തിയിരുന്നു. ഇതിൽ ശിവശങ്കറിന് പങ്കുള്ളതായി കസ്റ്റംസിന് മൊഴി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. ഈന്തപ്പഴത്തിന്റെ മറവിൽ സ്വർണം കടത്തിയോയെന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. സ്വർണക്കടത്തിൽ കസ്റ്റംസ് അന്വേഷണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിലാണ് വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്തത്. കേസിലെ പ്രധാന പ്രതികളായ സ്വപ്നയും, സന്ദീപുമടക്കള്ളവരുടെ മൊഴികളിലെ വിവരങ്ങളും അടിസ്ഥാനത്തിലും ശിവശങ്കറിൽ നിന്നും വ്യക്തത തേടിയായായിരുന്നു ചോദ്യം ചെയ്യൽ. സ്വപ്ന സുരേഷും ശിവശങ്കറും തമ്മിൽ സാമ്പത്തിക ഇടപാടുകളെ കുറിച്ചും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.