കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ ചോദ്യം ചെയ്യുന്നു. പ്രത്യേക ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന്‍റെ വിശദാംശങ്ങള്‍ വീഡിയോയില്‍ പകര്‍ത്തും. എന്‍.ഐ.എയുടെ ഹൈദരാബാദ്, ഡല്‍ഹി ഓഫീസുകളിലെ ഉന്നതോദ്യോഗസ്ഥര്‍ ചോദ്യം ചെയ്യല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വീക്ഷിക്കും.
പുലര്‍ച്ചെ നാലരയോടെ തിരുവനന്തപുരത്തുനിന്ന് തിരിച്ച ശിവശങ്കർ ഒമ്പതരയോടെയാണ് കൊച്ചിയിലെത്തിയത്. യുഎപിഎ കേസിൽ (നിയമവിരുദ്ധപ്രവർത്തന നിരോധന നിയമം) മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ എൻഐഎ ഓഫിസിലേക്കു വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത് ആദ്യമാണ്. ശിവശങ്കറിനെ തിരുവനന്തപുരത്തെത്തി കസ്റ്റംസ് 9 മണിക്കൂറും എൻഐഎ 5 മണിക്കൂറും ചോദ്യം ചെയ്‌തിരുന്നു. തുടർന്നാണ് ഇന്ന് കൊച്ചി ഓഫീസിലെത്താൻ നിർദേശിച്ചത്.
ശിവശങ്കറിനെ കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷുമായുള്ള അടുത്ത ബന്ധമാണ് ശിവശങ്കറിനെ സംശയത്തിന്‍റെ നിഴലിലാക്കിയത്. നിലവിൽ സാക്ഷിയെന്ന നിലയിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ഏതെങ്കിലും തരത്തിൽ സ്വർണക്കടത്തുമായി ബന്ധമുണ്ടോ, പ്രതികൾക്ക് സഹായം നൽകിയിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
ശിവശങ്കര്‍ നടത്തിയ വിദേശ യാത്രകൾ ഉൾപ്പടെ പരിശോധനക്ക് വിധേയമാക്കും. വിശദമായ ചോദ്യാവലി തയ്യാറാക്കിയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യൽ പൂർണമായും വീഡിയോയിൽ ചിത്രീകരിക്കുന്നുണ്ട്. ഓൺലൈനായി എൻ.ഐ.എയുടെ മുതിർന്ന ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിന്‍റെ ഭാഗമാവും. കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ സമാഹരിച്ച ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ചോദ്യം ചെയ്യലിൽ ഉൾപ്പെടുത്തും. അതേസമയം മൊഴികളിൽ വൈരുദ്ധ്യമുണ്ടാവുകയും, പ്രതികളെ സഹായിച്ചുവെന്നതിന് ഏതെങ്കിലും തരത്തിലുള്ള തെളിവ് ലഭിക്കുകയും ചെയ്‌താൽ ശിവശങ്കറിനെ പ്രതി ചേർക്കുകയും അറസ്റ്റിലേക്ക് നീങ്ങുകയും ചെയ്യും.