എറണാകുളം: ലൈഫ്‌മിഷൻ കോഴക്കേസിൽ ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് എം ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചു. ഇടക്കാല ജാമ്യാപേക്ഷ തള്ളിയ കീഴ്‌കോടതി ഉത്തരവിനെതിരെയാണ് ഹർജി. ചികിത്സയ്ക്കായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.
നിലവിൽ ശിവശങ്കറിന്‍റെ സ്ഥിര ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കോഴ ഇടപാടിലെ മുഖ്യ ആസൂത്രകൻ ശിവശങ്കറാണെന്നതടക്കമുള്ള ഇഡിയുടെ വാദങ്ങൾ അംഗീകരിച്ചായിരുന്നു നേരത്തെ കീഴ്കോടതി ഇടക്കാല ജാമ്യാപേക്ഷ തള്ളിയത്.
കേസിൽ സ്ഥിരം ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ഇടക്കാല ജാമ്യത്തിനായി കീഴ്‌ക്കോടതിയെ സമീപിക്കാൻ കോടതി നിർദേശിച്ചിരുന്നു.
കോഴ ഇടപാടില്‍ തനിക്ക് പങ്കില്ലെന്ന് ശിവശങ്കര്‍: സുപ്രീംകോടതിയുടെ ഈ നിർദേശം ഉൾപെടുത്തിയായിരുന്നു ശിവശങ്കർ കീഴ്‌കോടതിയില്‍ ജാമ്യാപേക്ഷ നൽകിയത്. ലൈഫ് മിഷൻ കോഴയിടപാടുമായി തനിക്ക് പങ്കില്ലെന്നായിരുന്നു ശിവശങ്കറിന്‍റെ വാദം. സ്ഥിരം ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി 14നാണ് മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം എം ശിവശങ്കറിനെ ഇ ഡി അറസ്‌റ്റ് ചെയ്‌തത്. ഒന്‍പത് ദിവസത്തെ ഇഡിയുടെ കസ്‌റ്റഡി കാലാവധിക്ക് ശേഷം കാക്കനാട് ജില്ല ജയിലിൽ റിമാന്‍റില്‍ തുടരുകയാണ് ശിവശങ്കർ.
സ്വപ്‌ന സുരേഷ് കുടംബസുഹൃത്ത്: നേരത്തെ സ്വപ്‌ന സുരേഷ് തന്‍റെ കുടുംബ സുഹൃത്താണെന്നും മറ്റൊരു ബന്ധവുമില്ലെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചിരുന്നു. നേരത്തെ ശിവശങ്കറിന്‍റ ജാമ്യഹര്‍ജി കീഴ്‌കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. എം ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി അഭിഭാഷകന്‍ ജയ്‌ദീപ് ഗുപ്‌തയായിരുന്നു ഹര്‍ജിക്കാരന് വേണ്ടി നേരിട്ട് ഹാജരായത്.
പല രോഗങ്ങള്‍ക്ക് ചികിത്സയിലുള്ള ആളാണ് താന്‍. ആരോഗ്യാവസ്ഥ കണക്കിലെടുത്ത് സമാനമായ കേസില്‍ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇഡി അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് കേസില്‍ തന്നെ പ്രതി ചേര്‍ത്തിട്ടുള്ളത്. മാത്രവുമല്ല തന്നെ നേരിട്ട് കേസുമായി ബന്ധിപ്പിക്കുന്ന യാതൊരു തെളിവുകളും ഇല്ലെന്നും തന്നെ ഇഡി വേട്ടയാടുകയാണെന്നുമാണ് ജാമ്യാപേക്ഷയില്‍ ശിവശങ്കറിന്‍റെ വാദം. ചോദ്യം ചെയ്യലുമായി സഹകരിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് അദ്ദേഹത്തിന്‍റെ ആവശ്യം.
ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി: ഇക്കഴിഞ്ഞ ഫെബ്രുവരി 14നാണ് മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം എം ശിവശങ്കരനെ ഇഡി അറസ്‌റ്റ് ചെയ്‌തത്. ഒമ്പത് ദിവസത്തെ ഇഡിയുടെ കസ്‌റ്റഡി കാലാവധിക്ക് ശേഷം കാക്കനാട് ജില്ല ജയിലില്‍ റിമാന്‍ഡില്‍ തുടരുകയാണ് അദ്ദേഹം. ശിവശങ്കരന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയത്.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കരന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ജനുവരി 28നായിരുന്നു നോട്ടീസ് അയച്ചത്. ജനുവരി 31ന് ഹാജരാകുവാനായിരുന്നു നിര്‍ദേശം. എന്നാല്‍ അന്ന് താന്‍ വിരമിക്കുന്ന ദിവസമാണെന്നും ചോദ്യം ചെയ്യാനുള്ള സമയത്തില്‍ മാറ്റം വരുത്തണമെന്നും ശിവശങ്കരന്‍ ഇഡിയോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കേസില്‍ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും ഇഡി നേരത്തെ തന്നെ ചോദ്യം ചെയ്‌തിരുന്നു. ഇതില്‍ യുഎഇ റെഡ് ക്രസന്‍റിന്‍റെ സഹായത്തോടെ വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്‍റെ നിര്‍മാണ കരാര്‍ ലഭിക്കുന്നതിന് യൂണിടാക് കമ്പനിയില്‍ നിന്ന് കോഴ ലഭിച്ചതായും സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിരുന്നു.