എറണാകുളം : കൊച്ചി മറൈൻ ഡ്രൈവിൽ ആഡംബര സൗകര്യങ്ങളോടെ കായലിൽ നിന്നും അറബിക്കടലിലേക്ക് ഉല്ലാസയാത്രയ്ക്ക് അവസരമൊരുക്കുകയാണ് ക്ലാസിക് ഇംപീരിയൽ എന്ന ക്രൂയിസ് വെസൽ. ക്രൂയിസ് ടൂറിസത്തിന് കേരളത്തിലുള്ള അനന്തസാധ്യതകൾ തിരിച്ചറിഞ്ഞ കൊച്ചി പോഞ്ഞിക്കര സ്വദേശി നിഷിജിത്ത് കെ ജോൺ ആണ് ഇത്തരമൊരു സംരംഭം തുടങ്ങിയത്. കേരളത്തിൽ നിർമ്മിച്ച ഏറ്റവും വലിയ ആഡംബര യാത്രാനൗകയെന്ന പ്രത്യേകതയും ക്ലാസിക് ഇംപീരിയലിനുണ്ട്.
ഇതിൽ 150 പേർക്ക് ഒരേസമയം സഞ്ചരിക്കാനാകും. ഐ ആർ എസ് (ഇന്ത്യൻ രജിസ്ട്രാർ ഓഫ് ഷിപ്പിംഗ്) സുരക്ഷാ നിബന്ധനകൾ പാലിച്ച് 50 മീറ്റർ നീളവും 11 മീറ്റർ വീതിയും 10 മീറ്റർ ഉയരവുമായാണ് നൗക തയ്യാറാക്കിയത്. ആദ്യനിലയിലെ ഹാളിൽ 12.5 അടി നീളവും 6.5 അടി ഉയരവുമുള്ള എൽഇഡി വാൾ, ഒന്നാം നിലയിലെ ഹാളിൽ 86 ഇഞ്ച് വലിപ്പമുള്ള ഇന്‍ററാക്‌ടീവ് പാനല്‍ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കൻ ബ്രാൻഡഡ് കമ്പനിയായ മെയറിൻ്റെ ഹൈ ക്വാളിറ്റി സൗണ്ട് സിസ്റ്റമാണ് ഈ നൗകയിലുള്ളത്. ശീതീകരിച്ച ഹാളിന് ചുറ്റും ഗ്ലാസായതിനാൽ കായലിന്‍റെയും കടലിന്‍റെയും കാഴ്‌ചകൾ ആസ്വദിച്ച് യാത ചെയ്യാൻ കഴിയും. വിവാഹ ചടങ്ങുകൾ മുതൽ കമ്പനി കോൺഫറൻസുകൾക്ക് വരെ സൗകര്യപ്പെടുന്ന രീതിയിലാണ് ഇംപീരിയൽ ക്ലാസിക്കിന്‍റെ രൂപകൽപ്പന.
സെൻട്രലൈസ്‌ഡ് എസി, ഡിജെ ബൂത്തുകൾ, ഓപ്പൺ ബാത്ത്, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഡൈനിങ് ഏരിയ, വിശാല ഹാൾ, ഗ്രീൻ റൂം, വിശ്രമമുറി, എന്നിവയെല്ലാം ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഉന്നത നിലവാരത്തിലുള്ള ജെട്ടിയും ഇതിനായി മറൈൻ ഡ്രൈവിൽ തയ്യാറാക്കിയിട്ടുണ്ട്. മറൈൻഡ്രൈവിൽ സ്വന്തമായി ജെട്ടി നിർമ്മിക്കുന്നതിനായി ടെൻഡർ മുഖേനയാണ് നിഷിജിത്ത് ജിസിഡിഎയിൽ നിന്നും അനുമതി നേടിയത്.
വ്യത്യസ്‌തമായ രീതിയിലുള്ള ഫ്ലോട്ടിംഗ് ജെട്ടിയാണ് ഇവിടെ നിർമിച്ചത്. ജെട്ടിയുടെ 30 സെൻ്റിമീറ്റർ ഉയരം വരുന്ന ഭാഗം മാത്രമാണ് വെള്ളത്തിൽ താഴ്ന്നുനിൽക്കുക. യാത്രക്കാർക്ക് വളരെ സുരക്ഷിതമായി വെസ്സലിൽ പ്രവേശിക്കുന്നതിന് സഹായകമാവുന്നതാണ് ഈ ഫ്ലോട്ടിംഗ് ജെട്ടിയെന്ന പ്രത്യേകതയും ഉണ്ട്.
നിയോ ക്ലാസിക് ക്രൂയിസ് ആൻഡ് ടൂർസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്‌ടർ കൂടിയായ കൊച്ചി സ്വദേശി നിഷിജിത്ത് കെ ജോൺ സ്വന്തം നിലയിലാണ് ഇത്തരമൊരു സംരംഭം യാഥാർഥ്യമാക്കിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ക്രൂയിസ് ടൂറിസം മേഖലയിലുള്ള താൻ ഇതൊരു നിയോഗമായി ഏറ്റെടുക്കുകയായിരുന്നുവെന്ന് നിഷിജിത്ത് ഇടിവി ഭാരതിനോട് പറഞ്ഞു.
ആദ്യം ബോട്ട് വാടകയ്ക്ക് എടുത്ത് തുടങ്ങിയെങ്കിൽ പിന്നീടിങ്ങോട്ട് ആറോളം ബോട്ടുകൾ സ്വന്തമായി നിർമ്മിക്കുകയായിരുന്നു. കൊച്ചിയിലൊരു ആഡംബര നൗക വേണമെന്ന ആഗ്രഹത്താലാണ് ക്ലാസിക് ഇംപീരിയൽ നിർമ്മിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി കായലിന്‍റെയും കടലിന്‍റെയും ഭംഗി ആസ്വദിച്ച് തിരിച്ച് വരാൻ കഴിയുന്ന രീതിയിലുള്ള ടൂർ പാക്കേജുകളാണ് ആസൂത്രണം ചെയ്‌തിരിക്കുന്നതെന്ന് നിഷിജിത്ത് വിശദീകരിച്ചു.
സാധാരണക്കാര്‍ക്കും കുറഞ്ഞ നിരക്കിൽ ആഡംബര വെസ്സലുകളിലെ യാത്രകൾ ആസ്വദിക്കാനുള്ള അവസരമാണ് ഇതോടെ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ക്ലാസിക് ഇംപീരിയൽ' നൗകയുടെ നിർമ്മാണം 2020 മാർച്ചിലാണ് തുടങ്ങിയതെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നീണ്ടുപോവുകയായിരുന്നു. രാമൻതുരുത്തിൽ പോർട്ട് ട്രസ്റ്റിന്‍റെ സ്ഥലം 1.20 ലക്ഷം രൂപ പ്രതിമാസ വാടകയ്‌ക്കെടുത്താണ് നിർമാണകേന്ദ്രം ഒരുക്കിയത്.
യാർഡുകളിൽ നൗകയുടെ നിർമ്മാണത്തിന് വൻതുക വേണ്ടിവരുമെന്ന സാഹചര്യത്തിലാണ് നിഷിജിത്ത് സ്വന്തം നിലയ്ക്ക് നിർമ്മാണ രംഗത്തേക്ക് പ്രവേശിച്ചത്. ഒരു വെസ്സൽ നിർമ്മിക്കുന്നതിനുള്ള യാർഡ് സംവിധാനം കപ്പൽ നിർമാണസൗകര്യങ്ങളോടെ സ്വന്തമായി സജ്ജീകരിക്കുകയും ശേഷം അത്യാധുനിക സൗകര്യങ്ങളോടെ വെസ്സൽ നിർമാണം പൂർത്തീകരിക്കുകയും ചെയ്‌തു.
ഈയൊരു മാതൃക രാജ്യ ചരിത്രത്തിൽ തന്നെ ആദ്യമാണ്. തുടർന്നും ആഡംബര നൗകകളുടെ നിർമ്മാണ മേഖലയിലെ സാധ്യതകൾ ഉപയോഗപ്പെടുത്താനാണ് നിഷിജിത്തിന്‍റെ തീരുമാനം.