എറണാകുളം: വോട്ടെണ്ണൽ ദിവസമായ മേയ് രണ്ടിന് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനത്ത് വോട്ടണ്ണൽ ദിനത്തിൽ ജനങ്ങൾ വൻതോതിൽ കൂട്ടം കൂടുകയും, വിജയാഹ്ലാദ പ്രകടനം നടത്തുകയും ചെയ്യുന്നത് സ്ഥിതി ഗുരുതരമാക്കും.
ഈ സാഹചര്യത്തിൽ വോട്ടെണ്ണൽ ദിനത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ജനങ്ങൾ ഒത്തുകൂടുന്നത് തടയണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടത്. മെയ് ഒന്ന് അർധ രാത്രി മുതൽ രണ്ടാം തീയതി അർധ രാത്രി വരെ ലോക്ക് ഡൗൺ വേണം എന്നാണ് ഹർജിക്കാരന്റെ ആവശ്യം.
നേരത്തെ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സർക്കാറിനോട് വിശദീകരണം തേടിയിരുന്നു. ഇലക്ഷൻ കമ്മിഷനെ കേസിൽ കോടതി കക്ഷി ചേർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സർക്കാറും, ഇലക്ഷൻ കമ്മിഷനും കോടതിയിൽ ഇന്ന് നിലപാട് അറിയിക്കും.
അഭിഭാഷകനായ വിനോദ് മാത്യു വിൽസനാണ് ലോക് ഡൗൺ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. രോഗ വ്യാപന തോത് ദിനംപ്രതി വലിയ തോതിൽ വർധിക്കുന്ന നിലവിലെ സാഹചര്യത്തിൻ ഈ ഹർജിയിൽ ഹൈക്കോടതി തീരുമാനം സുപ്രധാനമാണ്.