എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യം ചേരാന്‍ യുഡിഎഫ്. വെള്ളിയാഴ്‌ച കൊച്ചിയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ഫാസ്റ്റിറ്റ് വിരുദ്ധ ആശയങ്ങളുള്ളവരുമായി സഖ്യമുണ്ടാക്കും എന്നാല്‍ യുഡിഎഫിന് പുറത്തുള്ളവരുമായി രാഷ്ട്രീയ സഖ്യത്തിനില്ല. കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗം യുഡിഎഫ് വിട്ടത് വിജയ സാധ്യതയെ ബാധിക്കില്ലെന്നും യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു. ജോസ് കെ.മാണിയുടെ വിട്ടുപോകല്‍ യുഡിഎഫിന്‍റെ പരമ്പരാഗത വോട്ട് ബാങ്കിനെ ബാധിക്കില്ല. ജോസ് കെ.മാണിയുടെ വിശദീകരണം ജനങ്ങള്‍ക്ക് ദഹിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
കേരള കോണ്‍ഗ്രസിന്‍റെ കാര്യത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഛര്‍ദിച്ചത് ഭക്ഷിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം സംബന്ധിച്ച വാര്‍ത്തകളില്‍ വ്യക്തത നല്‍കാന്‍ പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും തയ്യാറായില്ല. കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്നും സര്‍ക്കാരിനെതിരെ തങ്ങള്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങളെല്ലാം തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കേരളപ്പിറവി ദിനത്തില്‍ യുഡിഎഫ് സംസ്ഥാന സര്‍ക്കാരിനെതിരെ വഞ്ചന ദിനം ആചരിക്കുമെന്ന് കണ്‍വീനര്‍ എംഎംഹസന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലികുട്ടി, കെപിഎ മജീദ് തുടങ്ങി എല്ലാ ഘടകകക്ഷി നേതാക്കള്‍ കൊച്ചിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു.