എറണാകുളം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ. കൊവിഡ് സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കമ്മിഷൻ ഹൈക്കോടതിയിൽ വിശദീകരണം നൽകി. കൊവിഡ് സാഹചര്യത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. തെരഞ്ഞെടുപ്പ് എപ്പോൾ, എങ്ങനെ നടത്തണം എന്നതിനെ കുറിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയും വസ്തുതകൾ സമഗ്രമായി പരിശോധിച്ചും തീരുമാനമെടുക്കും. തീയതി പോലും പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
അതേ സമയം ചട്ടപ്രകാരം അഞ്ച് വർഷം പൂർത്തിയാവുന്നതോടെ പുതിയ ഭരണസമിതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അധികാരത്തിൽ വരേണ്ടതുണ്ടെന്നും കമ്മിഷൻ ചൂണ്ടി കാണിച്ചു. കൊവിഡ് വ്യാപന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്.