എറണാകുളം : ആലുവ എടത്തലയില്‍ സ്‌കൂൾ ബസിലെ എമര്‍ജൻസി വാതിലിലൂടെ വിദ്യാര്‍ഥി തെറിച്ചുവീണ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ വിദ്യാഭ്യാസ ഉപ ഡയറക്‌ടര്‍ക്കും എടത്തല പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസര്‍ക്കും നിർദേശം നൽകി ജില്ല കലക്‌ടര്‍ ഡോ. രേണുരാജ്. സെപ്‌റ്റംബര്‍ ഒന്നിന് വ്യാഴാഴ്‌ച വൈകീട്ട് മൂന്നിന് എടത്തല പേങ്ങാട്ടുശ്ശേരിയിലായിരുന്നു സംഭവം. അല്‍-ഹിന്ദ് സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയാണ് സ്‌കൂള്‍ ബസിലെ എമര്‍ജൻസി വാതിലിലൂടെ പുറത്തേക്ക് വീണത്.
എതിരെ വന്ന ബസ് പെട്ടെന്ന് നിര്‍ത്തിയതിനാല്‍ അപകടമൊഴിവാകുകയായിരുന്നു. എന്നാല്‍ ബസില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിക്കാൻ സ്‌കൂള്‍ അധികൃതരോ ബസ് ജീവനക്കാരോ തയാറായില്ല എന്നാരോപിച്ച് മാതാപിതാക്കള്‍ എടത്തല പൊലീസില്‍ പരാതി നല്‍കി. ഭയപ്പെട്ട കുട്ടിയെ ആശ്വസിപ്പിക്കാനും ബസ് ജീവനക്കാര്‍ തയാറായില്ല എന്നാരോപണമുണ്ട്.
Also Read: ആലുവയില്‍ സ്‌കൂള്‍ ബസില്‍ നിന്നും വിദ്യാര്‍ഥി റോഡിലേക്ക് തെറിച്ചു വീണു: ദൃശ്യങ്ങള്‍
വീട്ടിലെത്തിയ ശേഷം കുട്ടി ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചു. വീഴ്‌ചയുടെ ആഘാതത്തില്‍ കുട്ടിയുടെ ദേഹത്ത് ചതവുകളുണ്ടായിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ബസുകളില്‍ പാലിക്കേണ്ട സുരക്ഷ മുൻകരുതലുകളെയും അപകടമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെയും സംബന്ധിച്ച് സ്‌കൂള്‍ അധികൃതർക്ക് നിർദേശം നൽകും.