എറണാകുളം : ലൈഫ് മിഷൻ ഇടപാടിൽ സി.ബി.ഐ റജിസ്റ്റർ ചെയ്‌ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലൈഫ് മിഷനും കരാറുകാരായ യൂണിടാക്കും സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി നാളെ വിധി പറയും.ലൈഫ് മിഷനിൽ അന്വേഷണം നടത്താൻ സി.ബി.ഐക്ക് അധികാരമില്ലെന്നാണ് സർക്കാറിന്‍റെ വാദം. എഫ്.സി.ആർ.എ നിയമം ബാധകമല്ലെന്നും രാഷ്ട്രീയ പ്രേരിതമായ കേസ് റദ്ദാക്കണമെന്നും സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സി.ബി.ഐ കോടതിയിൽ വാദിച്ചത് 'കരാറുകാരായ യൂണിടാക്ക് വിദേശ സഹായം സ്വീകരിച്ചത് ലൈഫ് മിഷനെ പ്രതിനിധീകരിച്ചാണ്. ലൈഫ്‌മിഷനിൽ നടന്നത് സുതാര്യമല്ലാത്ത ഇടപാടാണ്. അതിനാൽ എഫ്.സി.ആർ.എ നിയമപ്രകാരം അന്വേഷിക്കാൻ അനുവദിക്കണം. ലൈഫ് മിഷൻ ക്രമക്കേടിൽ എം.ശിവശങ്കറിന് പങ്കുണ്ട്' എന്നാണ്.
ലൈഫ് മിഷൻ ഇടപാടിൽ സ്വർണ്ണക്കടത്തു കേസിലെ പ്രതികളുടെ ബന്ധവും സി.ബി.ഐ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. കേസ് ഡയറിയും മുദ്രവെച്ച കവറിൽ സി.ബി.ഐ കോടതിയിൽ സമർപ്പിച്ചിരുന്നു. ലൈഫ് മിഷൻ, യൂണിടാക്ക്, സി.ബി.ഐ എന്നിവരുടെ വിശദമായ വാദം കേട്ട ശേഷമാണ് ഹർജികളിൽ ഹൈക്കോടതി നാളെ വിധി പറയുന്നത്. സംസ്ഥാന സർക്കാറിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണ്ണായകമാണ് നാളത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്.