എറണാകുളം : ലൈഫ് മിഷന്‍ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരന്‍ നൽകിയ ജാമ്യഹർജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി. സ്വപ്‌ന കുടുംബസുഹൃത്താണെന്നും മറ്റൊരു ബന്ധവുമില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. സമാനമായ കേസിൽ നേരത്തെ ജാമ്യം ലഭിച്ചത് പരിഗണിക്കണമെന്നും ശിവശങ്കരന്‍ കോടതിയിൽ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച മറുപടി വാദം നടത്താമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരാകുമെന്നും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറിയിച്ചതിനെ തുടർന്ന് ഹർജി ഹൈക്കോടതി 27 ലേക്ക് മാറ്റി. നേരത്തെ ശിവശങ്കരന്‍റെ ജാമ്യഹർജി കീഴ്‌ക്കോടതി തള്ളിയിരുന്നു. തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം എം.ശിവശങ്കരന്‍ നൽകിയ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി അഭിഭാഷകൻ ജയ്‌ദീപ് ഗുപ്‌തയാണ് ഹർജിക്കാരന് വേണ്ടി നേരിട്ട് ഹാജരായത്.
ശാരീരിക ബുദ്ധിമുട്ടുകള്‍ അറിയിച്ച് ശിവശങ്കരന്‍ : പല രോഗങ്ങൾക്ക് ചികിത്സയിലുള്ള ആളാണ് താൻ. ആരോഗ്യാവസ്ഥ കണക്കിലെടുത്ത് സമാനമായ കേസിൽ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇ.ഡി അധികാര ദുർവിനിയോഗം നടത്തിയാണ് കേസിൽ തന്നെ പ്രതി ചേർത്തിട്ടുള്ളത്. മാത്രവുമല്ല തന്നെ നേരിട്ട് കേസുമായി ബന്ധിപ്പിക്കുന്ന യാതൊരു തെളിവുകളും ഇല്ലെന്നും തന്നെ ഇ.ഡി വേട്ടയാടുകയാണെന്നുമാണ് ജാമ്യാപേക്ഷയിൽ ശിവശങ്കരന്‍റെ വാദം. ചോദ്യം ചെയ്യലുമായി സഹകരിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് അദ്ദേഹത്തിന്‍റെ ആവശ്യം.
ജാമ്യത്തിലേക്ക് നയിച്ചത് : ഇക്കഴിഞ്ഞ ഫെബ്രുവരി 14 നാണ് മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം എം.ശിവശങ്കരനെ ഇ.ഡി അറസ്‌റ്റ് ചെയ്‌തത്. ഒമ്പത് ദിവസത്തെ ഇഡിയുടെ കസ്‌റ്റഡി കാലാവധിക്ക് ശേഷം കാക്കനാട് ജില്ല ജയിലിൽ റിമാന്‍ഡില്‍ തുടരുകയാണ് അദ്ദേഹം. ശിവശങ്കരന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയത്.
ഇ.ഡിയുടെ ചോദ്യം ചെയ്യല്‍ : വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കരന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ജനുവരി 28 ന് നോട്ടിസ് അയച്ചിരുന്നു. ജനുവരി 31ന് ഹാജരാവാനായിരുന്നു നിർദേശം. എന്നാല്‍ അന്ന് താന്‍ വിരമിക്കുന്ന ദിവസമാണെന്നും ചോദ്യം ചെയ്യാനുള്ള സമയത്തില്‍ മാറ്റം വരുത്തണമെന്നും ശിവശങ്കരന്‍ ഇഡിയോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം കേസിൽ സ്വപ്‌ന സുരേഷിനേയും സരിത്തിനേയും ഇഡി നേരത്തെ തന്നെ ചോദ്യം ചെയ്‌തിരുന്നു. ഇതില്‍ യുഎഇ റെഡ് ക്രസൻ്റിന്‍റെ സഹായത്തോടെ വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൻ്റെ നിർമാണ കരാർ ലഭിക്കുന്നതിന് യൂണിടാക് കമ്പനിയിൽ നിന്ന് കോഴ ലഭിച്ചതായും സ്വപ്‌ന സുരേഷ് മൊഴി നൽകിയിരുന്നു. മാത്രമല്ല എം.ശിവശങ്കരനും കോഴ ലഭിച്ചതായി സ്വപ്‌ന എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇ.ഡി ശിവശങ്കരന് ഹാജരാവാന്‍ നോട്ടിസ് അയയ്ക്കുന്നത്.
ഇ.ഡിക്ക് മുമ്പേ സിബിഐയും : ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ എം.ശിവശങ്കരനെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയും ചോദ്യം ചെയ്‌തിരുന്നു. കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരെയും ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും സിബിഐ ചോദ്യം ചെയ്‌തത്. ശിവശങ്കരന്‍റെ ലോക്കറില്‍ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് ലഭിച്ച കമ്മിഷനാണെന്ന് സ്വപ്‌ന സുരേഷും, ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4.48 കോടി രൂപ കമ്മിഷനായി നൽകിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പനും മുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയതോടെയാണ് സിബിഐയും ശിവശങ്കരനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.