എറണാകുളം: പത്ത് വര്‍ഷത്തിന് ശേഷം കൊച്ചി കോര്‍പ്പറേഷനിൽ ഇടതുമുന്നണി വീണ്ടും അധികാരത്തിലേറും. സി.പി.എമ്മിലെ എം. അനിൽകുമാർ മേയറായും, സി.പി.ഐയിലെ കെ.എ അൻസിയ ഡെപ്യൂട്ടി മേയറായും ഇന്ന് ചുമതലയേൽക്കും. തെരഞ്ഞെടുപ്പിന് ശേഷം ആര്‍ക്കും കേവലഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ കൊച്ചിയിൽ ഭരണം നിലനിർത്താൻ കോൺഗ്രസ് ശ്രമിച്ചിരുന്നു. എന്നാൽ കോൺഗ്രസ് വിമതന്‍റെയുൾപ്പടെയുള്ളവരുടെ പിന്തുണയോടെ ഇടതുമുന്നണി അധികാരത്തിൽ തിരിച്ചെത്തുകയായിരുന്നു.
34 സീറ്റ് നേടി എല്‍.ഡി.എഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ആകെയുള്ള 74 ഡിവിഷനില്‍, യു.ഡി.എഫ് 31, എന്‍.ഡി.എ അഞ്ച്, യു.ഡി.എഫ് വിമതര്‍ മൂന്ന്, എല്‍.ഡി.എഫ് വിമതൻ ഒന്ന് എന്നിങ്ങനെയാണ് കൊച്ചി കോർപ്പറേഷൻ കക്ഷി നില. ഇരു മുന്നണികളെയും പിന്തുണയ്‌ക്കില്ലെന്ന് ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ 69 സീറ്റുകളിൽ സ്വതന്ത്രരുടെ പിന്തുണയോടെ 36 എന്ന അംഗ സംഖ്യയോടെയാണ് കോര്‍പ്പറേഷനിൽ ഇടതുമുന്നണി ഭരണത്തിലേറുന്നത്. രണ്ടാം ഡിവിഷനിൽ നിന്നും വിജയിച്ച ലീഗ് വിമതൻ ടി.കെ അഷറഫാണ് ഇടതുമുന്നണിക്ക് ആദ്യം പിന്തുണ പ്രഖ്യാപിച്ചത്.
പിന്നാലെ എട്ടാം ഡിവിഷനിൽ നിന്നും വിജയിച്ച കോൺഗ്രസ് വിമതൻ ജി. സനിൽ മോനും ഇടതുമുന്നണിക്ക് പിന്തുണ നൽകുകയായിരുന്നു. ഇരുപത്തിമൂന്നാം ഡിവിഷനിൽ സി.പി.എം വിമത സ്ഥാനാർഥിയായി വിജയിച്ച കെ.പി ആന്‍റണിയും ഇടതുമുന്നണിയെ പിന്തുണയ്ക്കാനാണ് സാധ്യത. അവശേഷിക്കുന്ന ഒരു കോൺഗ്രസ് വിമതൻ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. വിമതരെ കൂടെ നിർത്താൻ കോൺഗ്രസ് നടത്തിയ ശ്രമം ലീഗ് വിമതൻ ഇടതുമുന്നണിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതോടെയായിരുന്നു പരാജയപ്പെട്ടത്.