എറണാകുളം: ഇരുപത്തി ആറാമത് കൊച്ചി അന്താരാഷ്ട്ര പുസ്‌തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിലുള്ള ലീല മേനോൻ മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു. മാധ്യമ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം മുതിർന്ന മാധ്യമപ്രവർത്തകൻ ജികെ സുരേഷ് ബാബുവിനാണ് (leela menon media award announced).
മാതൃഭൂമി ദിനപത്രം, അമൃത ടിവി, ജനം ടിവി തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം രചിച്ച വർഗീയതയുടെ അടിവേരുകൾ എന്ന പുസ്‌തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മാറാട് കമ്മീഷൻ ഈ പുസ്‌തകം രേഖയായി സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ട്. പത്രപ്രവര്‍ത്തകനായിരുന്ന അപ്പന്‍ മേനോന്‍റെ പേരിലുള്ള ദേശീയ പുരസ്‌കാരവും ഈ പുസ്‌തകത്തിന് ലഭിച്ചിട്ടുണ്ട്.
മികച്ച ടെലിവിഷൻ റിപ്പോർട്ടർക്കുള്ള പുരസ്‌കാരത്തിന് മാതൃഭൂമി ന്യൂസിലെ ന്യൂസ് എഡിറ്റർ ഡോ.ജി പ്രസാദ് കുമാർ അർഹനായി. വെളിച്ചെണ്ണയിലെ വിഷപ്പുക എന്ന റിപ്പോർട്ടിനാണ് പുരസ്‌കാരം.
മികച്ച പത്ര റിപ്പോർട്ടർക്കുള്ള പുരസ്‌കാരത്തിന് മലയാള മനോരമയിലെ ചീഫ് സബ് എഡിറ്റർ ടി അജീഷ് അർഹനായി. ദളിത് വിഭാഗത്തിലെ നാല് യുവാക്കളുടെ സമരം, പ്രതിരോധം, പ്രതീക്ഷ, അതിജീവനം എന്നിങ്ങിനെ നാല് വിഭാഗങ്ങളിലുളള ഫീച്ചറുകള്‍ക്കാണ് പുരസ്‌കാരം.
മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്‌കാരത്തിന് ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിലെ പ്രിൻസിപ്പൽ ഫോട്ടോഗ്രാഫർ എ സനീഷ് അർഹനായി. എറണാകുളം വീക്ഷണം റോഡിൽ അശാസ്ത്രീയമായി സ്ഥാപിച്ച സൈൻ ബോർഡിൽ തലയിടിച്ച് വിനോദസഞ്ചാരിയായ കുട്ടി വേദന കൊണ്ട് കരയുന്ന ചിത്രത്തിനാണ് പുരസ്‌കാരം.
മികച്ച ടെലിവിഷൻ ക്യാമറാമാനുള്ള പുരസ്‌കാരത്തിന് മനോരമ ന്യൂസിലെ സീനിയർ ക്യാമറാമാൻ സജീവ് വി അർഹനായി. മാധ്യമ പുരസ്‌കാരങ്ങൾ ഡിസംബർ രണ്ടിന് കൊച്ചി അന്താരാഷ്ട്ര പുസ്‌തകോത്സവ വേദിയിൽ വച്ച് മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബർ സമ്മാനിക്കും.