കൊച്ചി: അവിശ്വാസത്തിലൂടെ പുറത്താക്കിയ പെരുമ്പാവൂർ നഗരസഭ ചെയര്‍പേഴ്‌സണ്‍ നാടകീയതകള്‍ക്കൊടുവില്‍ വീണ്ടും ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് അംഗം സതി ജയകൃഷ്ണനാണ് വീണ്ടും നഗരസഭാ അധ്യക്ഷയായത്. രാവിലെ പതിനൊന്നിന് നടന്ന തെരഞ്ഞെടുപ്പിൽ 27 അംഗങ്ങളിൽ 18 അംഗങ്ങൾ ഹാജരായി ഒമ്പത് യുഡിഎഫ് അംഗങ്ങൾ വിട്ടു നിന്നു. സതി ജയകൃഷണന് 11 വോട്ടുകൾ ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി ഓമന സുബ്രഹ്മണ്യന് മൂന്ന് വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫിലെ രണ്ട് വോട്ടുകൾ അസാധുവായി. സജീന ഹസ്സൻ, നിഷ വിനയൻ എന്നിവരുടെ വോട്ടുകളാണ് അസാധുവായത്. പിഡിപി അംഗവും സ്വതന്ത്ര അംഗവും തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.
യുഡിഎഫും ബിജെപിയും ചേർന്ന് അവിശ്വാസത്തിന് ശ്രമിച്ചെങ്കിലും യുഡിഎഫ് വിട്ടുനിന്നതോടെ എൽഡിഎഫ് നാടകീയമായി അധികാരത്തില്‍ തുടരുകയായിരുന്നു. തുടക്കത്തിൽ 15 അംഗങ്ങളോടെ എൽഡിഎഫ് അധികാരത്തിലെത്തിയെങ്കിലും ഒരംഗം യുഡിഎഫിനെ പിന്തുണക്കുകയും സ്വതന്ത്ര അംഗം പിന്തുണ പിൻവലിക്കുകയും ചെയ്തു. ഇതോടെയാണ് അവിശ്വാസത്തിന് കളമൊരുങ്ങിയത്. എല്‍ഡിഎഫിലെ ഭിന്നത മുതലാക്കാന്‍ ബിജെപിക്കും യുഡിഎഫിനുമായില്ല.