കൊച്ചി: ഡിഐജി ഓഫീസ് മാർച്ചിനിടെയുണ്ടായ ലാത്തിച്ചാര്‍ജില്‍ സിപിഐ നേതാക്കള്‍ക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസ് നടപടി. കൊച്ചി സെൻട്രൽ എസ്ഐ വിപിൻ ദാസിനെ സസ്പെന്‍റ് ചെയ്തു. ലാത്തിച്ചാർജിൽ എസ്ഐയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന കാരണത്തിലാണ് സസ്പെൻഷൻ. കൊച്ചി സിറ്റി പൊലീസ് അഡീഷണൽ കമ്മീഷണർ കെ പി ഫിലിപ്പ് ആണ് നടപടിയെടുത്തത്.
ലാത്തിച്ചാർജിൽ എൽദോ എബ്രഹാം എംഎൽഎ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റ സംഭവത്തിൽ ജില്ലാ കലക്‌ടർ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാൻ ആകില്ലെന്നായിരുന്നു സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് നൽകിയത്. ജില്ലാ കലക്‌ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസുകാരുടെ പിഴവുകള്‍ എടുത്തു പറയാത്തതിനാല്‍ നടപടിയെടുക്കാന്‍ ആകില്ലെന്നായിരുന്നു ആഭ്യന്തര സെക്രട്ടറിയെ ഡിജിപി അറിയിച്ചത്. ഇതിനിടെയാണ് എസ്ഐക്കെതിരെ നടപടിയുണ്ടായത്.
എസ്ഐക്കെതിരായ നടപടി സ്വാഗതാർഹമാണെന്നും സംഭവത്തിന് ഉത്തരവാദികളായ മറ്റ് പൊലീസുകാർക്കെതിരെയും നടപടി വേണമെന്നും സിപിഐ ജില്ലാ സെക്രട്ടറി പി രാജു ആവശ്യപ്പെട്ടു. ഞാറയ്ക്കൽ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊച്ചിയിലെ ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടപടിയുണ്ടായതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഞാറയ്ക്കല്‍ സിഐ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി പി രാജു, മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം എന്നിവരുൾപ്പടെയുള്ള സിപിഐ നേതാക്കൾക്ക് പൊലീസ് മര്‍ദനമേറ്റിരുന്നു.