കോതമംഗലം: ഉരുൾപൊട്ടി വൻനാശനഷ്‌ടമുണ്ടായ കോതമംഗലത്തെ ക്‌ണാച്ചേരി വീണ്ടും ഉരുൾപൊട്ടല്‍ ഭീഷണിയില്‍. കഴിഞ്ഞ വര്‍ഷം ഉരുൾപൊട്ടിയ വനത്തിന് സമീപം കിലോമീറ്ററുകൾ നീളത്തിലാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. ചിലയിടങ്ങളിൽ ആറടിയോളം താഴ്‌ചയിലാണ് വിള്ളല്‍. ഇതോടെ പ്രദേശത്തുനിന്നും 60ഓളം കുടുംബങ്ങള്‍ ഒഴിഞ്ഞു പോയി. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കുട്ടമ്പുഴ പഞ്ചായത്തിലെ ക്ണാച്ചേരി വനത്തിൽ ഉരുൾപൊട്ടലുണ്ടായത്. അന്ന് 400 അടിയോളം ഉയരത്തിൽ നിന്ന് മരങ്ങളും പാറക്കല്ലുകളുമുല്‍പ്പെടെ ജനവാസകേന്ദ്രത്തിലേക്ക് പതിച്ചിരുന്നു. കൃഷിയിടമുൾപ്പെടെ ആറ് ഏക്കർ സ്ഥലമാണ് ഒലിച്ചുപോയത്. സമീപത്തെ നാല് കുടുംബങ്ങൾ കനത്ത നാശനഷ്ടമായിരുന്നു ഉരുൾപൊട്ടലില്‍ നേരിട്ടത്.
പ്രദേശത്തു നിന്നും ഒഴിഞ്ഞു പോകുന്നവരില്‍ പലരും വാടക വീടുകളിലും മറ്റുമായാണ് കഴിയുന്നത്. ജനപ്രതിനിധികളും വകുപ്പുതല ഉദ്യോഗസ്ഥരും പ്രദേശത്ത് സന്ദർശനം നടത്തിയെങ്കിലും ഒരു സഹായവും ലഭിച്ചില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. വിള്ളലുകൾ രൂപപ്പെട്ട വിവരം അധികാരികളെ അറിയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി പ്രദേശവാസികളുടെ പുനരധിവാസമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.