എറണാകുളം: കൊച്ചിയിൽ സെൻട്രൽ മറൈൻ ഫിഷറീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച മത്സ്യ കാർഷിക മേളയിൽ താരമായി കായൽ മുരിങ്ങ. ജീവനോടെ കഴിക്കാവുന്ന ഓയിസ്റ്റർ അതവാ കായൽ മുരിങ്ങ നേരിട്ട് കണ്ടതിലുള്ള കൗതുകമായിരുന്നു കാഴ്ചക്കാരിൽ പ്രകടമായത് . കായൽ മുരിങ്ങ ജീവനോടെ കഴിക്കാമെന്ന് സി.എം.എഫ്.ആർ.ഐ ലെ വിദഗ്ദർ അറിയിച്ചെങ്കിലും ആളുകൾ ആദ്യമൊന്ന് അമ്പരന്നു മാറി നിന്നു. എന്നാൽ ഔഷധ ഗുണത്തെക്കുറിച്ച് അറിഞ്ഞപ്പോൾ കായൽ മുരിങ്ങ ജീവനോടെ കഴിക്കാൻ ജനങ്ങൾ യാതൊരു മടിയും കാണിച്ചില്ല. അമ്പതു രൂപ നൽകി കായൽ മുരിങ്ങ കഴിക്കാനുള്ള ക്യൂവാണ് പിന്നെ കാണാനായത്. കായൽ മുരിങ്ങ ലാഭകരമായ കൃഷിയാണെന്ന് കഴിഞ്ഞ ഏഴ് വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന എറണാകുളം മൂത്തകുന്നം വനിതാ കർഷക സംഘത്തിന്റെ സംഘാടകയായ പ്രസീത പറഞ്ഞു.
കുട്ടികളുടെ ബുദ്ധി വളർച്ചയ്ക്ക് ഏറ്റവും ആവശ്യമായ ഒമേഗ ത്രീ ഫാറ്റി ആസിഡിനാൽ സമ്പുഷമാണ് കായൽമുരിങ്ങ . അത്യപൂർവമായ ധാതുലവണമായ സെലീനിയം, സിങ്ക്, കാത്സ്യം , അയേൺ, ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം, മെഗ്നീഷ്യം, കോപ്പർ, തുടങ്ങിയവയും ഇതിൽ അടങ്ങിയിരിക്കുന്നു. ജീവനോടെ കഴിക്കുമ്പോൾ ഔഷധഗുണങ്ങൾ അതേ പടി ലഭിക്കുകയും ചെയ്യും. കൊച്ചിയിൽ വിളവെടുക്കുന്ന കായൽ മുരിങ്ങ മൊത്തമായി വാങ്ങുന്നത് പഞ്ചനക്ഷത്ര ഹോട്ടലുകളാണന്ന് ഉല്പാദകരായ കർഷക സംഘം പ്രവർത്തകർ പറയുന്നു. സി.എം.എഫ്.ആർ.ഐ യുടെ മേൽനോട്ടത്തിലാണ് എറണാകുളം മൂത്ത കുന്നം പ്രദേശത്ത് കായൽ മുരിങ്ങ കൃഷി ചെയ്യുന്നത്.