എറണാകുളം: പശ്ചിമ കൊച്ചിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം ഊർജിതം. വാട്ടർ അതോറിറ്റിയുടെ തകരാറിലായ പമ്പുസെറ്റുകളിൽ ഒരെണ്ണത്തിന്‍റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ട്രയൽ റൺ തുടങ്ങി. മരട് ജലശുദ്ധീകരണ ശാലയിലേക്ക് ജലമെത്തിക്കുന്ന പാഴൂരിലെ ഒരു പമ്പിന്‍റെ ട്രയൽ റൺ ആണ് ഏറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ തുടങ്ങാൻ കഴിഞ്ഞത്.
പാഴൂരിലെ രണ്ട് പമ്പുകൾ തകരാറിലായതിനാൽ ഒരു മാസത്തിലധികമായി ഫോർട്ട് കൊച്ചിയിലും സമീപപ്രദേശങ്ങളിലും കുടിവെള്ള പ്രശ്‌നം രൂക്ഷമായിരുന്നു. ഇതിലൊന്നിന്‍റെ തകരാര്‍ പരിഹരിച്ച് കഴിഞ്ഞ ശനിയാഴ്‌ച ട്രയൽ റൺ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചെങ്കിലും നീണ്ടുപോവുകയായിരുന്നു. 51 അടി താഴ്‌ചയിലാണ് പാഴൂരിലെ കിണറ്റിൽ പമ്പ് സ്ഥാപിച്ചത്. വളരെയധികം സൂക്ഷ്‌മതയോടെയും ശ്രദ്ധയോടെയും പൂർത്തിയാക്കേണ്ട ഈ ജോലി പ്രതീക്ഷിച്ചത് പോലെ പൂർത്തിയാക്കാൻ കഴിയാതെ വരികയായിരുന്നു. പമ്പിന്‍റെ ഷാഫ്റ്റിന്‍റെ അറ്റകുറ്റപ്പണികൾ മുളന്തുരുത്തിയിലും ബുഷിന്‍റെ പണികൾ പുത്തൻവേലിക്കരയിലുമായാണ് പൂർത്തിയാക്കിയത്. ഇതോടെ 100 എം എൽ ഡി ശേഷിയുള്ള മരട് ജലശുദ്ധീകരണ ശാലയിലേക്ക് പാഴൂരിൽ നിന്നും ജലം പമ്പ് ചെയ്‌തു തുടങ്ങി. ബുധനാഴ്‌ച രാവിലെയോടെ വീടുകളിൽ ശുദ്ധീകരിച്ച ജലമെത്തി തുടങ്ങും. അതേസമയം തകരാറിലായ രണ്ടാമത്തെ പമ്പ് മാർച്ച് എട്ടോടെ ശരിയാക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. ഇത് പൂർത്തിയാക്കിയാൽ മാത്രമേ പശ്ചിമ കൊച്ചിയിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്‌നം പൂർണ്ണമായും പരിഹരിക്കാൻ കഴിയുകയുള്ളൂ.
കുടിവെള്ള പ്രശ്‌നം രൂക്ഷമായി ജനങ്ങൾ പ്രതിഷേധം തുടങ്ങിയതോടെയാണ് ടാങ്കറുകളിൽ കുടിവെള്ളമെത്തിച്ച് താൽകാലികമായി പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചത്. വാട്ടർ അതോറിറ്റിയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കുടിവെള്ളമെത്തിച്ചെങ്കിലും ഇതൊന്നും കുടിവെള്ള പ്രശ്‌നത്തിന് പൂർണ്ണമായ പരിഹാരമായിരുന്നില്ല. കുടിവെള്ള ടാങ്കറുകൾ കടന്നുചെല്ലാത്ത ഉൾപ്രദേശങ്ങളിലെ ജനങ്ങൾ ടാങ്കറുകൾ എത്തുന്ന പ്രധാന റോഡുകളിലെത്തി പാത്രങ്ങളിൽ ശേഖരിക്കുന്ന വെള്ളം ചുമന്ന് എത്തിക്കേണ്ടി വരുന്നതും ഏറെ പ്രയാസം സൃഷ്‌ടിച്ചിരുന്നു. പാത്രങ്ങളിൽ ശേഖരിക്കുന്ന വെള്ളം ദൈനദിന ആവശ്യങ്ങൾക്ക് തികയാതെ വരുന്നതും ജനങ്ങളെ പ്രതിസന്ധിയിലാക്കി. നിരവധി ജനകീയ സമരങ്ങളും പ്രശ്‌നത്തെ തുടർന്ന് ഉണ്ടായിരുന്നു.