എറണാകുളം : ചന്ദ്രിക ദിന പത്രത്തിന്‍റെ അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകാൻ സാവകാശം തേടി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. വെള്ളിയാഴ്‌ച കൊച്ചി ഓഫിസിൽ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് കുഞ്ഞാലിക്കുട്ടിക്ക് ഇ.ഡി. നോട്ടിസ് അയച്ചത്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു.
സെപ്റ്റംബര്‍ 7 ന് ഹാജരാകാൻ കുഞ്ഞാലിക്കുട്ടിയുടെ മകനും ഇ.ഡി. നോട്ടിസ് നൽകിയിട്ടുണ്ട്. കള്ളപ്പണക്കേസിൽ ഇ.ഡിക്ക് തെളിവുകൾ നൽകിയ ശേഷം കെ.ടി. ജലീൽ ആണ്, കുഞ്ഞാലിക്കുട്ടിയെ ഇ.ഡി. നാളെ ചോദ്യം ചെയ്യുമെന്ന കാര്യം വെളിപ്പെടുത്തിയത്. നോട്ട് നിരോധന കാലയളവിൽ ചന്ദ്രിക ദിനപത്രത്തിന്‍റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ ഹൈക്കോടതി നിർദേശപ്രകാരം നിലവിൽ ഇ.ഡി. അന്വേഷണം നടത്തുന്നുണ്ട്.
ഇത് പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ നിന്നുള്ള അഴിമതിപ്പണം ഇബ്രാഹിം കുഞ്ഞ് വെളുപ്പിച്ചതാണെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ ചന്ദ്രികയെയും ലീഗ് സ്ഥാപനങ്ങളെയും മറയാക്കി കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിച്ചെന്ന് കെ.ടി. ജലീൽ ആരോപിച്ചു.
ALSO READ: കളളപ്പണ ആരോപണം : കുഞ്ഞാലിക്കുട്ടിക്കെതിരെ ഇഡിക്ക് തെളിവ് കൈമാറിയെന്ന് കെ.ടി.ജലീൽ
ചന്ദ്രിക പത്രത്തിന്‍റെ പബ്ലിഷർ എന്ന നിലയിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇ.ഡി നേരത്തേ ചോദ്യം ചെയ്തിരുന്നു. ഈ വിവരം പുറത്തുവിട്ടായിരുന്നു കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീൽ ആഞ്ഞടിച്ചത്. ഇതോടെയാണ് ഇ.ഡിയുടെ അന്വേഷണ പരിധിയിലേക്ക് പ്രതിപക്ഷ ഉപനേതാവ് കൂടിയായ കുഞ്ഞാലിക്കുട്ടി കൂടി എത്തിയത്. എ.ആർ. നഗർ ബാങ്കുമായി ബന്ധപ്പെട്ടും കെ.ടി. ജലീൽ കുഞ്ഞാലിക്കുട്ടിക്കെതിരെ കള്ളപ്പണ ആരോപണം ഉന്നയിച്ചിട്ടുണ്ട്.