എറണാകുളം: കുമ്പളങ്ങിയിൽ മധ്യവയസ്‌കനെ കൊലപ്പെടുത്തിയത് ക്രൂരമായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു. പ്രതികളുടെ മർദനത്തിൽ കൊല്ലപ്പെട്ട ആന്‍റണി ലാസറിന്‍റെ എല്ലുകൾ തകർന്ന നിലയിലായിരുന്നു. വയർ കീറി കല്ല് നിറച്ചാണ് മൃതദേഹം ചതുപ്പിൽ താഴ്ത്തിയത്. മൃതദേഹം പരിശോധിച്ചപ്പോഴാണ് കൊലപാതകത്തിലെ ക്രൂരത വ്യക്തമായതെന്ന് കമ്മിഷണർ പറയുന്നു.
കേസിൽ നാല് പ്രതികൾ അറസ്റ്റിലായി. ബിജു, ഭാര്യ രാഖി, സുഹൃത്തുക്കളായ സെൽവൻ, ലാലു എന്നിവരാണ് അറസ്റ്റിലായത്. ആദ്യം പിടിയിലായ സെൽവൻ, രാഖി എന്നിവർ റിമാൻഡിലാണ്. മറ്റു രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കും. പ്രതികളെല്ലാവരും ക്രിമിനൽ പശ്ചാത്തലമുള്ളവരും, ക്രിമിനൽ കേസുകളിൽ പ്രതികളുമാണ്.
ജൂലൈ ഒമ്പതാം തീയതിയാണ് കൊലപാതകം നടക്കുന്നത്. പ്രതികൾ ആന്‍റണിയെ കൊലപ്പെടുത്തി ചതുപ്പിൽ കുഴിച്ചിട്ടു. എന്നാൽ ലാസറിനെ കാണാനില്ലെന്ന് പരാതി ലഭിക്കുന്നത് ജൂലൈ പതിനഞ്ചാം തീയതിയാണ്. പരാതി കിട്ടി മൂന്ന് ദിവസത്തിനകം രണ്ട് പ്രതികളെ പിടികൂടി. കൊലപാതകം, തെളിവു നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഏതൊക്കെ ആന്തരികാവയവങ്ങൾ നഷ്ട്ടമായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് കമ്മിഷണർ അറിയിച്ചു.
കൊലപാതകത്തിന് കാരണം പൂർവ വൈരാഗ്യം
കൊല്ലപ്പെട്ട ആന്‍റണി ലാസറിനെതിരെയും കേസുകളുണ്ടായിരുന്നുവെന്നും പൂർവ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കമ്മിഷണർ പറഞ്ഞു. 2016ൽ ആന്‍റണി ലാസറിന്‍റെ മർദനത്തിൽ ഒന്നാം പ്രതി ബിജുവിന്‍റെ കൈയെല്ല് പൊട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. ബിജുവിന്‍റെ കൈ ഇപ്പോൾ വിണ്ടും പഴുത്ത് പൂർവസ്ഥിതിയിലേക്ക് മാറാത്ത അവസ്ഥയിലാണ്. ഇത് പറഞ്ഞ് തീർക്കാനെന്ന പേരിൽ പ്രതികൾ ആന്‍റണി ലാസറിനെ വിളിച്ച് വരുത്തിയാണ് മർദിച്ച് കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
Also Read: കാസര്‍കോട് എക്‌സൈസ് റിമാന്‍ഡ് പ്രതി മരിച്ചു; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍