എറണാകുളം : എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് എൻഐഎ ഏറ്റെടുത്തു. കൊച്ചി എൻഐഎ യൂണിറ്റിനാണ് അന്വേഷണ ചുമതല. കൊച്ചി എൻഐഎ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. കേസിലെ പ്രതിയായ ഷാരൂഖ് സെയ്ഫിക്ക് ബാഹ്യസഹായം ലഭിച്ചതില്‍ തീവ്രവാദബന്ധം സംശയിക്കുന്ന സാഹചര്യത്തില്‍ പൊലീസ് കേസിൽ യുഎപിഎ ചുമത്തിയിരുന്നു. പിന്നാലെയാണ് കേസ് എൻഐഎ ഏറ്റെടുത്തതായി ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്.
കേരളത്തെ നടുക്കിയ, രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിരുന്നു. തീവ്രവാദ സ്വഭാവമുള്ളതും ഡൽഹി, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നതുമായ കേസായതിനാല്‍ കേരള പൊലീസിന്റെ അന്വേഷണത്തിന് പരിമിതികളുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. യുഎപിഎ ചുമത്തിയ കേസുകള്‍ ദേശീയ അന്വേഷണ ഏജൻസിക്ക് നേരിട്ട് ഏറ്റെടുക്കാൻ നിയമപരമായി കഴിയും. അല്ലെങ്കിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടാലും എൻഐഎക്ക് കേസ് ഏറ്റെടുക്കാം.
സമഗ്രമായി അന്വേഷിക്കാന്‍ എന്‍ഐഎ : കേസില്‍ ഷാരൂഖ് സെയ്ഫിക്ക് പുറമെ മറ്റ് പ്രതികൾ ഉണ്ടോയെന്ന കാര്യത്തിൽ ദേശീയ അന്വേഷണ ഏജൻസി സമഗ്രമായ അന്വേഷണം നടത്തും. കുറ്റകൃത്യത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന, തീവ്രവാദ ബന്ധം, ഭീകര സംഘടനകളുടെ സഹായം, ഇത്തരമൊരു കൃത്യത്തിന് കേരളം തെരഞ്ഞെടുത്തത് എന്തിനുവേണ്ടി എന്നതെല്ലാം സൂക്ഷ്മമായി അന്വേഷിക്കും. പ്രതിയുടെ വീട് ഉൾപ്പെടുന്ന ഡൽഹി ഷഹീൻബാഗ് കേന്ദ്രീകരിച്ചും വിപുലമായ അന്വേഷണം നടത്തും. കേരള പൊലീസ് നടത്തിയ 12 ദിവസത്തെ അന്വേഷണത്തിൽ ലഭിച്ച കാര്യങ്ങൾ ഉൾപ്പടെ സൂക്ഷ്മമായി പരിശോധിച്ച് തന്നെയായിരിക്കും എൻഐഎ മുന്നോട്ടുനീങ്ങുക.
തീവ്രവാദ ബന്ധം സംശയിക്കുന്ന കേസുകൾ അന്വേഷിച്ച് പരിചയമുള്ള എൻഐഎ അന്വേഷിക്കുന്നതായിരിക്കും ഫ്രലപ്രദമാവുകയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് യുഎപിഎ ചുമത്താൻ അനുമതി നൽകിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം കേരളത്തിലും ഡൽഹിയിലുമായി നടത്തിയ അന്വേഷണത്തിലാണ് ഷാരൂഖ് സെയ്ഫിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചത്. എന്നാൽ, അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നില്ല. പൊലീസിന് ലഭിച്ച രഹസ്യ വിവരങ്ങൾ ഉൾപ്പടെ പരിഗണിച്ചാണ് ഈ കേസിൽ യുഎപിഎ ചുമത്തിയത്.
ചുമത്തിയത് യുഎപിഎ നിയമത്തിലെ 15ാം വകുപ്പ് : എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ തുടക്കം മുതൽ തന്നെ പൊലീസ് അന്വേഷണത്തിന് സമാന്തരമായി ദേശീയ അന്വേഷണ എജൻസിയും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതേതുടർന്ന് തീവ്രവാദ ബന്ധത്തിന്റെ സൂചനകൾ കിട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ടും നൽകിയിരുന്നു. ഡൽഹിയിൽ നിന്ന് ഷൊർണൂരും കോഴിക്കോടുമെത്തി ഇത്രയും വലിയ ക്രൂരകൃത്യം ചെയ്യാൻ ഗൂഢാലോചനയും ബാഹ്യസഹായവും ലഭിച്ചിരിക്കാമെന്ന് തന്നെയാണ് കേരള പൊലീസും സംശയിച്ചത്.
എന്നാൽ, ഇതിന്റെ വിശദാംശങ്ങളിലേക്ക് കടന്ന് മറഞ്ഞിരിക്കുന്ന കൂട്ടുപ്രതികളിലേക്ക് എത്താൻ കഴിയാത്ത സാഹചര്യത്തിൽ കൂടിയായിരുന്നു യുഎപിഎ നിയമത്തിലെ 15ാം വകുപ്പ് ചുമത്തി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതോടെയാണ് അധികം താമസിയാതെ ഈ കേസിൽ ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തത്. എൻഐഎ കൊച്ചി യൂണിറ്റ് നടത്തുന്ന കേസിലെ വിചാരണ നടപടികൾ ഇനി ഇവിടുത്തെ പ്രത്യേക എൻഐഎ കോടതിയിലായിരിക്കും നടക്കുക.