എറണാകുളം: കോതമംഗലം മാർതോമാ ചെറിയപള്ളി കേന്ദ്രസേനയെ (സി.ആർ.പി.എഫ്) ഉപയോഗിച്ച് പിടിച്ചെടുക്കുന്നതിനെതിരെ സത്യാഗ്രഹ സമരവുമായി മതമൈത്രി സംരക്ഷണ സമിതി. കോതമംഗലം മാർത്തോമ ചെറിയ പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണണമെന്ന് കോടതി ഉത്തരവ് ഉണ്ടായിട്ടും പള്ളി കൈമാറിയിരുന്നില്ല. തുടർന്ന് ജില്ലാ കലക്‌ടറെ കോടതി വിളിച്ച് വരുത്തി ശാസിക്കുകയും ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
ജനുവരി എട്ടിന് മുൻപായി പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയില്ലങ്കിൽ കേന്ദ്ര സേനയെ ഉപയോഗിച്ച് പള്ളി കൈമാറുമെന്ന് ഹൈക്കോടതി ഉത്തരവ് ഉണ്ടായിരുന്നു. ഇതിന് എതിരെയാണ് മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചെറിയ പള്ളിത്താഴത്ത് സൂചന സത്യാഗ്രഹസമരം ആരംഭിച്ചത്. സത്യാഗ്രഹ സമരം ബ്ലോക് പഞ്ചായത്ത് അംഗം പി.എ.എം ബഷീർ ഉദ്‌ഘാടനം ചെയ്‌തു. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി.