എറണാകുളം: കോലഞ്ചേരിയില്‍ വൃദ്ധയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. പെരുമ്പാവൂർ ചെമ്പറക്കി വാഴപ്പിള്ളില്‍ മുഹമ്മദ് ഷാഫി (50), പാങ്കോട് ഇരുപ്പച്ചിറ ആശാരിമൂലയില്‍ ഓമന (66), ഓമനയുടെ മകന്‍ മനോജ് കൃഷ്ണന്‍കുട്ടി (46) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നാളുകളായി ഇവർ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നാണ് നാട്ടുകാർ പറയുന്നത്.
വയോധികയുടെ വീടിനടുത്തുള്ള സ്വകാര്യ കമ്പനിയില്‍ ഞായറാഴ്ച ചരക്കുമായെത്തിയ വാഹനത്തിന്‍റെ ഡ്രൈവറാണ് മുഹമ്മദ് ഷാഫി. ഇയാളാണ് വൃദ്ധയെ പീഡിപ്പിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഓമനയുടെ വീട്ടില്‍ ഇയാള്‍ക്ക് അനാശാസ്യത്തിന് സൗകര്യം ഒരുക്കാറുണ്ട്. ഒരു സ്ത്രീയെ വേണമെന്ന് മുഖ്യപ്രതി ഓമനയോട് ആവശ്യപ്പെട്ടു. ഈ സമയത്താണ് ഓര്‍മക്കുറവുള്ള വയോധിക വീടിന് സമീപം കടയില്‍ പുകയില ചോദിച്ച് എത്തിയത്. സമീപത്തുണ്ടായിരുന്ന ഓമന പുകയില തരാമെന്ന് പറഞ്ഞ് ഇവരെ വീട്ടിലേക്ക് കൂട്ടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടിലെത്തിച്ച വയോധികയെ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി. ശരീരം മുഴുവന്‍ മുറിവേറ്റ് അവശനിലയിലായ വയോധികയെ വൈകിട്ട് ഓട്ടോറിക്ഷയില്‍ ഓമന വീട്ടിലെത്തിക്കുകയായിരുന്നു.
ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വൃദ്ധയെ വീട്ടുകാര്‍ പഴങ്ങനാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഞായറാഴ്ച രാത്രി വിദഗ്‌ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് പീഡനം വ്യക്തമായത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പുത്തന്‍കുരിശ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വൃദ്ധയുടെ നെഞ്ചിലും വയറ്റിലും ചതവുകളും മുറിവുകളുമുണ്ട്. സ്വകാര്യ ഭാഗങ്ങളില്‍ ആഴമേറിയ മുറിവുകളുമുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആന്തരീകാവയവങ്ങള്‍ക്കും പരിക്കുണ്ട്. തിങ്കളാഴ്ച അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. ചൊവ്വാഴ്ച ഡിവൈഎസ്‌പി മുഹമ്മദ് റിയാസ് ആശുപത്രിയിലെത്തി ഇവരുടെ മൊഴിയെടുത്തു. കെ. കർത്തിക് ഐപിഎസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.